Pages

Tuesday, June 30, 2015

താജ്മഹൽ തേങ്ങുന്നു...........

മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയതമയുടെ ഓർമ്മയ്ക്കായ് ലോകാത്ഭുതമായ താജ്മഹൽ നിർമ്മിച്ചു ...അനശ്വര പ്രേമമെന്ന് ലോകം വാഴ്ത്തി
എന്നാൽ  രേഖപ്പെടുത്താത്ത ചില കറുത്ത ഏടുകളുണ്ട്  ചരിത്രത്തിനു
ഷാജഹാൻ തന്റെ പ്രേമഭാജനമായ അർജുമന്ദ് ബാനു ബീഗം എന്ന മുംതാസ് മഹലിനെ വിവാഹംകഴിക്കുന്നതിനു മുമ്പ് അവർ മറ്റൊരാളുടെ ഭാര്യയായിരുന്നത്രേ  മുംതാസിന്റെ സൗന്ദര്യം കണ്ട് മോഹിച്ച ഷാജഹാൻ അവരെ മൊഴിചൊല്ലുവാൻ ആവശ്യപ്പെട്ടുവെന്നും അത് നിരസിച്ച ഭർത്താവിനെ ഉടവാളിനിരയാക്കിയ ശേഷം മുംതാസിനെ സ്വന്തമാക്കിയെന്നും പറയപ്പെടുന്നു
തന്റെ പതിനാലാമത്തെ പ്രസവത്തോടെ രക്തംവാർന്നാണു മുംതാസ് മഹൽ മരിക്കുന്നത്
മരണക്കിടക്കയിൽ വെച്ച് അവർ ഷാജഹാനോട് താൻ ഒരിക്കലും ഷാജഹാനെ മനസ്സ് തുറന്ന് സ്നേഹിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തുന്നു   മുംതാസിന്റെ കബർ ആദ്യം തപ്തിയുടെ തീരത്തായിരുന്നു അവിടെ നിന്നും പിന്നീട് താജ്മഹലിലേക്ക് മാറ്റപ്പെട്ടു
ഷാജഹാൻ -ലോകരാജാവ്
മുംതാസ് മഹൽ-കൊട്ടാരത്തിലെ ഏറ്റവും പ്രിയപ്പെട്ടത്

-------------------------------------------
താജ് മഹൽ തേങ്ങുന്നു (കവിത)


ചുടുനിണം വാർന്നെന്റെ യൗവ്വനപൂക്കാല-
മിന്നിതാ വാടിക്കരിഞ്ഞിടുന്നു.
മലർവാടിതന്നിലെ ചെമ്പകചോട്ടിലായ്,
ഞാനെന്റെ ഹൃദയമൊളിച്ചു വെച്ചു.

രക്തപുഷ്പങ്ങൾ ചിതറിക്കിടക്കുമീ -
മെത്തയിൽ വന്നൊന്നിരിക്കു ഖുറം.
മുല്ലയും,പിച്ചിയും,പനിനീർദളങ്ങളും,
ചതവാർന്നോരാരാത്രി ഓർമ്മയുണ്ടോ?

വരികെന്റെ ചാരത്ത്, വന്നിരിക്കൂ പ്രഭോ-
യെന്മനമങ്ങേക്ക് കാട്ടിടാം ഞാൻ.
പതിനെട്ട്കൊല്ലം കഴിഞ്ഞൊരീ ദാമ്പത്യ-
മിന്നുതിരശ്ശീല വീണിടുമ്പോൾ.

സ്വപ്നങ്ങളൊന്നുമെനിക്കില്ലയന്നെന്റെ-
കാന്തനോടൊത്തങ്ങ് വാണകാലം
മുഗൾവംശപാതയിൽ പട്ടമഹിഷിയായ്,
വാണിടാനാശയതേതുമില്ല.

അന്നൊരു സന്ധ്യയിലാഗ്രതൻ തെരുവിൽനീ,
യെന്മുഖം കണ്ട് മോഹിച്ചുപോയി.
എന്മേനി പുൽകുവാനാശിച്ചു നീയെന്റെ-
കാന്തന്റെ ചോരയും വീഴ്ത്തിയില്ലേ.

കൊട്ടാരറാണിയായ് വാഴിച്ചുനീയെന്നെ-
മുംതാസ്മഹലെന്നു വാഴ്ത്തിയില്ലേ.
ഇരുബീവിമാരിലും വേറിട്ടുകാണുവാ-
നെന്തുണ്ടെനിക്കു വിശേഷമായി.

ഏതു പിഴച്ചസമയത്തു ഞാൻചൊല്ലി
സന്താന ഭാഗ്യമവർക്ക് വേണ്ട.
രണ്ടു തുരുമ്പിച്ച ഗർഭപാത്രങ്ങൾ തൻ-
ശാപമിന്നെന്നിൽ ഗ്രസിച്ചുവല്ലോ.

ഭൂലോക മന്നനായ് വാണിടാനായിനീ-
കൂടപ്പിറപ്പിന്റെ ചോര ചീന്തി.
ആശിച്ചതത്രയും അധികാര ഗർവ്വിനാൽ,
കൊന്നും കൊടുത്തും വശപ്പെടുത്തി.

തപ്തി തൻ പുളിനത്തിൽ നിദ്രകൊണ്ടീടുവാ-
നിനിയരനാഴിക മാത്രമല്ലോ,
അറിയില്ലയങ്ങേക്കൊന്നുമറിയില്ല,
പെണ്ണിന്മനസിന്റെ തേങ്ങലുകൽ.

ഈ ജന്മമങ്ങേക്കു ഹൃദയം പകുത്തിടാ-
നെത്ര ശ്രമിച്ചുഞാൻ,ത്രാണിയില്ല
ഇനിയൊരുജന്മമുണ്ടെങ്കിൽഞാനങ്ങയെ-
യെന്റെ ഹൃദയത്തിൽ ചേർത്തു വെക്കും...

22 comments:

  1. മുംതാസ്‌ മഹലിനെ കൂടാതെ മറ്റ്‌ രണ്ട പത്നിമാർ കൂടി ഷാജഹാനുണ്ടായിരുന്നു എന്നാൽ അവരിൽ മക്കൾ പാടില്ലയെന്ന് മുംതാസ്‌ ശഠിച്ചു ഷാജഹാൻ അത്‌ അനുസരിച്ചു

    ReplyDelete
  2. താജ്മഹലിൽ ഞാൻ ഒരു മഹത്വവും പണ്ട്‌ മുതലേ കാണുന്നില്ല..

    ReplyDelete
  3. അറിയപ്പെടാത്ത ചരിത്രങ്ങള്‍!!!

    ReplyDelete
  4. നന്ദി അജിത്തേട്ടാ

    ReplyDelete
  5. സത്യം കവിതയായ്... ഉറങ്ങിക്കിക്കുന്നു ഇതുപോലെ അനേകം സത്യങ്ങൾ..

    ReplyDelete
  6. നന്ദി രാവീവ്‌ ഭായ്‌

    ReplyDelete
  7. ചരിത്രം ചുരുളഴിയട്ടെ. നല്ല കവിത.

    ReplyDelete
  8. നന്ദി വിഷ്ണു ഗിരീഷ്‌

    ReplyDelete
  9. ചരിത്രം മുൻപ് സോഷ്യൽ നെറ്റ്‌വർക്കുകൾ വഴി കേട്ടിട്ടുണ്ട്.. അത് പദ്യമായി കണ്ടത്തിൽ സന്തോഷം.. ആശംസകൾ.. :)

    ReplyDelete
  10. കുഞ്ഞുറുമ്പിനു നന്ദി

    ReplyDelete
  11. മനൂ, കവിത കൊള്ളാം.
    ഞാൻ കേട്ടിട്ടുള്ളതിൽ നിന്നും വിഭിന്നമായ കാര്യങ്ങൾ ആയതിനാൽ ഗൂഗിളിൽ ഒന്ന് പരതി. പക്ഷേ, ഈ കാര്യങ്ങൾ ഒരിടത്തും കണ്ടില്ല.

    //മുംതാസ് മറ്റൊരാളുടെ ഭാര്യയായിരുന്നത്രേ//
    //ഷാജഹാനെ മനസ്സ് തുറന്ന് സ്നേഹിച്ചിട്ടില്ലെന്ന്//
    //രണ്ടു തുരുമ്പിച്ച ഗർഭപാത്രങ്ങൾ//




    ReplyDelete
  12. താജ്മഹലിന്‌ ഇങ്ങനെയൊരു ചരിത്രപശ്ചാത്തലം.. അതിനെ ചേർത്തു വായിക്കുമ്പോൾ കവിത പുതിയ അനുഭവമായി. ഇഷ്ടമായി മനോജ്.

    ശുഭാശംസകൾ....

    ReplyDelete
  13. ചുടു നിണം വാർന്നതും, രക്ത പുഷ്പങ്ങളും വലിയ അർത്ഥം ഒന്നും തരുന്നില്ല ( കവിതയ്ക്ക് മുൻപ് കഥ വായിക്കേണ്ട ആവശ്യമില്ലല്ലോ.) അരികെ വരൂ എന്ന് രണ്ടു ഖണ്ഡികകളിൽ ആവര്തിക്കുന്നു.

    വിരക്തിയോ വൈരാഗ്യമോ ഒന്നും കാണാനില്ല മുംതാസിൽ. സ്നേഹം ഇപ്പോഴും.

    കവിത കൊള്ളാം.

    ReplyDelete
  14. നന്ദി കൊച്ചുഗോവിന്ദൻ

    ReplyDelete
  15. നന്ദി ബിപിൻ ചേട്ടാ

    ReplyDelete
  16. ഇതുപോലെ ഈണത്തിലുള്ള കവിത ഇക്കാലത്ത് കാണുക അപൂർവ്വം...

    ഇങ്ങനെയും ഒരു ചരിത്രമുണ്ടല്ലേ താജ്‌മഹലിന്... എനിക്കറിയില്ലായിരുന്നു...

    ReplyDelete
  17. ഒരുപാട്‌ നന്ദി വിനുവേട്ടാ

    ReplyDelete
  18. ഈ ചരിത്രമൊന്നും അറിയില്ലായിരുന്നു. കവിതയും എനിക്കിഷ്ടപ്പെട്ടു.

    ReplyDelete
  19. നന്ദി ടൈപ്പിസ്‌റ്റ്‌

    ReplyDelete
  20. ചരിത്രം അറിയാമായിരുന്നു..... പക്ഷേ മുംതാസ് മനസ്സുതുറന്ന് ഷാജഹാനെ സ്നേഹിച്ചിരുന്നില്ലെന്ന് ഇപ്പോഴാണ് അറിയുന്നത്.....
    കവിത മനോഹരം.....ഹരിഭായ്..... ആശംസകൾ

    ReplyDelete