Pages

Thursday, May 14, 2015

ജല ഭിക്ഷ......

തരികെനിക്കൊരു തുടം തെളിനീർ മടിയാതെ-
പൊള്ളുന്ന കണ്ഠ്നാളത്തിന്നമൃതേകാൻ.
മടിയേവമില്ലാതെ പകരുക സോദരീ,
പകലോന്റെ താപം കൊടുമ്പിരി കൊള്ളവേ.

ജാതിനീചോദിച്ചിട്ടില്ലെങ്കിലും വിഭോ-
തരികില്ല ഞാൻ നിനക്കൊരുതുള്ളീ ജലകണം.
തുട്ടുകളെണ്ണീ കൊടുത്തു ഞാൻ വാങ്ങിയോ-
രിറ്റുജലം നിനക്കേവുവതെങ്ങനെ.

അശ്രുകണം പോലെ സ്ഫടിക സമാനമാം-
മിഷ്ടം ജലം തൂവും കൂപത്തിൽ നിന്നു നീ-
പാളക്കരണ്ടിയിൽ തേവിനൽകീടുക,
ജാതിതന്നുച്ച നീചത്വമില്ലാ ജലം.

കള്ളിച്ചെടികൾ കുടിച്ച് വറ്റിച്ചൊരാ -
കല്ലിൽനിന്നെങ്ങനെ കോരിനൽകും ജലം.
ഭൂഗർഭ പാത്രം  വരണ്ടുണങ്ങീടുമ്പോൾ-
കനിവിന്റെയുറവകളെങ്ങനെ മുളപൊട്ടും.

പുഴവറ്റി പുഴചെന്നു ചേരും കടൽ വറ്റി,
മഴതെറ്റി മഴകാത്തു നിന്ന വയൽ പൊട്ടി.
മലതട്ടി മലയാളനാടിൻ മുഖം മാറ്റി,
കാടുവെട്ടി കാട്ടരുവിക്ക് വഴിതെറ്റി

ആനന്ദഭിക്ഷുവിൻ വ്രണിതമാം ഹൃദയത്തി ലീ-
വിധം നോവിന്റെ ചിന്തകളുറപൊട്ടി
വസുന്ധരേ നിൻ ഗർഭപാത്രം ചുമന്നൊരാ-
മർത്യജന്മങ്ങളാം നീച ബീജങ്ങളെ-

ഗിരിശിഖരങ്ങൾ ചുരത്തിയ പാലൂട്ടി-
മേനിതന്നിൽ നൂറു മേനിവിളയിച്ച്,
ഒടുക്കത്തെ യൊരുതുള്ളി രക്തവും വീഴ്ത്തി നീ
മാറിൽ കിടത്തിയുറക്കീ നീ യെന്തിനു?



15 comments:

  1. ജലം കിട്ടാക്കനിയാകുന്ന നാളെകള്‍!

    ReplyDelete
  2. നന്ദി അജിത്തേട്ടാ

    ReplyDelete
  3. നന്നായിരിക്കുന്നു മനോജ് ഈ വരികൾ. അർത്ഥവും പ്രാസവും ഈണവും എല്ലാം ഇതിൽ ഒത്തു ചേരുന്നുണ്ട്. എഴുതുക... കവിതകൾ നാൾക്കുനാൾ നന്നാവട്ടെ....

    ശരിയാണ് മർത്യജന്മങ്ങളാം നീചബീജങ്ങളെ പാലൂട്ടിയതാണ് പ്രകൃതി ചെയ്ത തെറ്റ്. തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കണം എന്നത് പ്രകൃതിയുടെ തന്നെ നിയമമല്ലേ? അപ്പോൾ ഇനി നമുക്കെന്ത് ചെയ്യാനാകും????

    ReplyDelete
  4. പുഴവറ്റി പുഴചെന്നു ചേരും കടൽ വറ്റി,
    മഴതെറ്റി മഴകാത്തു നിന്ന വയൽ പൊട്ടി.
    മലതട്ടി മലയാളനാടിൻ മുഖം മാറ്റി,
    കാടുവെട്ടി കാട്ടരുവിക്ക് വഴിതെറ്റി....

    വഴിതെറ്റി വന്നതാണുട്ട്വോ....

    എന്താ.. ഒരു കവിത.. മനോഹരം.. അര്‍ത്ഥസമ്പൂര്‍ണ്ണം..!!!

    ReplyDelete
  5. ഊർജ്ജം പകരുന്ന ഈ വാക്കുകൾക്ക്‌ നന്ദി
    കല്ലോലിനി

    ReplyDelete
  6. നന്ദി അജിത്തേട്ടാ ആൾരൂപൻ

    ReplyDelete
  7. നന്ദി ഉണ്ണി,സിനേഷ്‌ സോണി ജോസ്‌

    ReplyDelete
  8. പണം കൊടുത്താലും കൂടി വെള്ളം കിട്ടാത്ത അവസ്ഥ ആലോചിക്കാന്‍ കൂടി കഴിയുന്നില്ല.
    ദീര്‍ഘചിന്ത.അര്‍ത്ഥമുള്ള വരികള്‍ .

    ReplyDelete
  9. ജാതിനീചോദിച്ചിട്ടില്ലെങ്കിലും വിഭോ-
    തരികില്ല ഞാൻ നിനക്കൊരുതുള്ളീ ജലകണം.
    തുട്ടുകളെണ്ണീ കൊടുത്തു ഞാൻ വാങ്ങിയോ-
    രിറ്റുജലം നിനക്കേവുവതെങ്ങനെ.

    അശ്രുകണം പോലെ സ്ഫടിക സമാനമാം-
    മിഷ്ടം ജലം തൂവും കൂപത്തിൽ നിന്നു നീ-
    പാളക്കരണ്ടിയിൽ തേവിനൽകീടുക,
    ജാതിതന്നുച്ച നീചത്വമില്ലാ ജലം.


    കൊള്ളാലോ മനു...

    ReplyDelete
  10. മനോജ്‌ ഭായ്..... പേരുതെറ്റിയാണ് .... ആദ്യ രണ്ടു കമന്‍റ് കൈവിട്ടു പോയത്....... ക്ഷമിക്കണം.....
    പണം കൊടുത്ത് ജലം വാങ്ങേണ്ട അവസ്ഥ വളരെ അടുത്ത കാലത്ത് തന്നെ വന്നെത്തുമെന്ന കാര്യം തര്‍ക്കമില്ലാത്ത കാര്യമാണ്..... കവിത മനോഹരമായി.....ആശംസകൾ....

    ReplyDelete