മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയതമയുടെ ഓർമ്മയ്ക്കായ് ലോകാത്ഭുതമായ താജ്മഹൽ നിർമ്മിച്ചു ...അനശ്വര പ്രേമമെന്ന് ലോകം വാഴ്ത്തി
എന്നാൽ രേഖപ്പെടുത്താത്ത ചില കറുത്ത ഏടുകളുണ്ട് ചരിത്രത്തിനു
ഷാജഹാൻ തന്റെ പ്രേമഭാജനമായ അർജുമന്ദ് ബാനു ബീഗം എന്ന മുംതാസ് മഹലിനെ വിവാഹംകഴിക്കുന്നതിനു മുമ്പ് അവർ മറ്റൊരാളുടെ ഭാര്യയായിരുന്നത്രേ മുംതാസിന്റെ സൗന്ദര്യം കണ്ട് മോഹിച്ച ഷാജഹാൻ അവരെ മൊഴിചൊല്ലുവാൻ ആവശ്യപ്പെട്ടുവെന്നും അത് നിരസിച്ച ഭർത്താവിനെ ഉടവാളിനിരയാക്കിയ ശേഷം മുംതാസിനെ സ്വന്തമാക്കിയെന്നും പറയപ്പെടുന്നു
തന്റെ പതിനാലാമത്തെ പ്രസവത്തോടെ രക്തംവാർന്നാണു മുംതാസ് മഹൽ മരിക്കുന്നത്
മരണക്കിടക്കയിൽ വെച്ച് അവർ ഷാജഹാനോട് താൻ ഒരിക്കലും ഷാജഹാനെ മനസ്സ് തുറന്ന് സ്നേഹിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തുന്നു മുംതാസിന്റെ കബർ ആദ്യം തപ്തിയുടെ തീരത്തായിരുന്നു അവിടെ നിന്നും പിന്നീട് താജ്മഹലിലേക്ക് മാറ്റപ്പെട്ടു
ഷാജഹാൻ -ലോകരാജാവ്
മുംതാസ് മഹൽ-കൊട്ടാരത്തിലെ ഏറ്റവും പ്രിയപ്പെട്ടത്
-------------------------------------------
താജ് മഹൽ തേങ്ങുന്നു (കവിത)
ചുടുനിണം വാർന്നെന്റെ യൗവ്വനപൂക്കാല-
മിന്നിതാ വാടിക്കരിഞ്ഞിടുന്നു.
മലർവാടിതന്നിലെ ചെമ്പകചോട്ടിലായ്,
ഞാനെന്റെ ഹൃദയമൊളിച്ചു വെച്ചു.
രക്തപുഷ്പങ്ങൾ ചിതറിക്കിടക്കുമീ -
മെത്തയിൽ വന്നൊന്നിരിക്കു ഖുറം.
മുല്ലയും,പിച്ചിയും,പനിനീർദളങ്ങളും,
ചതവാർന്നോരാരാത്രി ഓർമ്മയുണ്ടോ?
വരികെന്റെ ചാരത്ത്, വന്നിരിക്കൂ പ്രഭോ-
യെന്മനമങ്ങേക്ക് കാട്ടിടാം ഞാൻ.
പതിനെട്ട്കൊല്ലം കഴിഞ്ഞൊരീ ദാമ്പത്യ-
മിന്നുതിരശ്ശീല വീണിടുമ്പോൾ.
സ്വപ്നങ്ങളൊന്നുമെനിക്കില്ലയന്നെന്റെ-
കാന്തനോടൊത്തങ്ങ് വാണകാലം
മുഗൾവംശപാതയിൽ പട്ടമഹിഷിയായ്,
വാണിടാനാശയതേതുമില്ല.
അന്നൊരു സന്ധ്യയിലാഗ്രതൻ തെരുവിൽനീ,
യെന്മുഖം കണ്ട് മോഹിച്ചുപോയി.
എന്മേനി പുൽകുവാനാശിച്ചു നീയെന്റെ-
കാന്തന്റെ ചോരയും വീഴ്ത്തിയില്ലേ.
കൊട്ടാരറാണിയായ് വാഴിച്ചുനീയെന്നെ-
മുംതാസ്മഹലെന്നു വാഴ്ത്തിയില്ലേ.
ഇരുബീവിമാരിലും വേറിട്ടുകാണുവാ-
നെന്തുണ്ടെനിക്കു വിശേഷമായി.
ഏതു പിഴച്ചസമയത്തു ഞാൻചൊല്ലി
സന്താന ഭാഗ്യമവർക്ക് വേണ്ട.
രണ്ടു തുരുമ്പിച്ച ഗർഭപാത്രങ്ങൾ തൻ-
ശാപമിന്നെന്നിൽ ഗ്രസിച്ചുവല്ലോ.
ഭൂലോക മന്നനായ് വാണിടാനായിനീ-
കൂടപ്പിറപ്പിന്റെ ചോര ചീന്തി.
ആശിച്ചതത്രയും അധികാര ഗർവ്വിനാൽ,
കൊന്നും കൊടുത്തും വശപ്പെടുത്തി.
തപ്തി തൻ പുളിനത്തിൽ നിദ്രകൊണ്ടീടുവാ-
നിനിയരനാഴിക മാത്രമല്ലോ,
അറിയില്ലയങ്ങേക്കൊന്നുമറിയില്ല,
പെണ്ണിന്മനസിന്റെ തേങ്ങലുകൽ.
ഈ ജന്മമങ്ങേക്കു ഹൃദയം പകുത്തിടാ-
നെത്ര ശ്രമിച്ചുഞാൻ,ത്രാണിയില്ല
ഇനിയൊരുജന്മമുണ്ടെങ്കിൽഞാനങ്ങയെ-
യെന്റെ ഹൃദയത്തിൽ ചേർത്തു വെക്കും...