Pages

Tuesday, June 30, 2015

താജ്മഹൽ തേങ്ങുന്നു...........

മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയതമയുടെ ഓർമ്മയ്ക്കായ് ലോകാത്ഭുതമായ താജ്മഹൽ നിർമ്മിച്ചു ...അനശ്വര പ്രേമമെന്ന് ലോകം വാഴ്ത്തി
എന്നാൽ  രേഖപ്പെടുത്താത്ത ചില കറുത്ത ഏടുകളുണ്ട്  ചരിത്രത്തിനു
ഷാജഹാൻ തന്റെ പ്രേമഭാജനമായ അർജുമന്ദ് ബാനു ബീഗം എന്ന മുംതാസ് മഹലിനെ വിവാഹംകഴിക്കുന്നതിനു മുമ്പ് അവർ മറ്റൊരാളുടെ ഭാര്യയായിരുന്നത്രേ  മുംതാസിന്റെ സൗന്ദര്യം കണ്ട് മോഹിച്ച ഷാജഹാൻ അവരെ മൊഴിചൊല്ലുവാൻ ആവശ്യപ്പെട്ടുവെന്നും അത് നിരസിച്ച ഭർത്താവിനെ ഉടവാളിനിരയാക്കിയ ശേഷം മുംതാസിനെ സ്വന്തമാക്കിയെന്നും പറയപ്പെടുന്നു
തന്റെ പതിനാലാമത്തെ പ്രസവത്തോടെ രക്തംവാർന്നാണു മുംതാസ് മഹൽ മരിക്കുന്നത്
മരണക്കിടക്കയിൽ വെച്ച് അവർ ഷാജഹാനോട് താൻ ഒരിക്കലും ഷാജഹാനെ മനസ്സ് തുറന്ന് സ്നേഹിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തുന്നു   മുംതാസിന്റെ കബർ ആദ്യം തപ്തിയുടെ തീരത്തായിരുന്നു അവിടെ നിന്നും പിന്നീട് താജ്മഹലിലേക്ക് മാറ്റപ്പെട്ടു
ഷാജഹാൻ -ലോകരാജാവ്
മുംതാസ് മഹൽ-കൊട്ടാരത്തിലെ ഏറ്റവും പ്രിയപ്പെട്ടത്

-------------------------------------------
താജ് മഹൽ തേങ്ങുന്നു (കവിത)


ചുടുനിണം വാർന്നെന്റെ യൗവ്വനപൂക്കാല-
മിന്നിതാ വാടിക്കരിഞ്ഞിടുന്നു.
മലർവാടിതന്നിലെ ചെമ്പകചോട്ടിലായ്,
ഞാനെന്റെ ഹൃദയമൊളിച്ചു വെച്ചു.

രക്തപുഷ്പങ്ങൾ ചിതറിക്കിടക്കുമീ -
മെത്തയിൽ വന്നൊന്നിരിക്കു ഖുറം.
മുല്ലയും,പിച്ചിയും,പനിനീർദളങ്ങളും,
ചതവാർന്നോരാരാത്രി ഓർമ്മയുണ്ടോ?

വരികെന്റെ ചാരത്ത്, വന്നിരിക്കൂ പ്രഭോ-
യെന്മനമങ്ങേക്ക് കാട്ടിടാം ഞാൻ.
പതിനെട്ട്കൊല്ലം കഴിഞ്ഞൊരീ ദാമ്പത്യ-
മിന്നുതിരശ്ശീല വീണിടുമ്പോൾ.

സ്വപ്നങ്ങളൊന്നുമെനിക്കില്ലയന്നെന്റെ-
കാന്തനോടൊത്തങ്ങ് വാണകാലം
മുഗൾവംശപാതയിൽ പട്ടമഹിഷിയായ്,
വാണിടാനാശയതേതുമില്ല.

അന്നൊരു സന്ധ്യയിലാഗ്രതൻ തെരുവിൽനീ,
യെന്മുഖം കണ്ട് മോഹിച്ചുപോയി.
എന്മേനി പുൽകുവാനാശിച്ചു നീയെന്റെ-
കാന്തന്റെ ചോരയും വീഴ്ത്തിയില്ലേ.

കൊട്ടാരറാണിയായ് വാഴിച്ചുനീയെന്നെ-
മുംതാസ്മഹലെന്നു വാഴ്ത്തിയില്ലേ.
ഇരുബീവിമാരിലും വേറിട്ടുകാണുവാ-
നെന്തുണ്ടെനിക്കു വിശേഷമായി.

ഏതു പിഴച്ചസമയത്തു ഞാൻചൊല്ലി
സന്താന ഭാഗ്യമവർക്ക് വേണ്ട.
രണ്ടു തുരുമ്പിച്ച ഗർഭപാത്രങ്ങൾ തൻ-
ശാപമിന്നെന്നിൽ ഗ്രസിച്ചുവല്ലോ.

ഭൂലോക മന്നനായ് വാണിടാനായിനീ-
കൂടപ്പിറപ്പിന്റെ ചോര ചീന്തി.
ആശിച്ചതത്രയും അധികാര ഗർവ്വിനാൽ,
കൊന്നും കൊടുത്തും വശപ്പെടുത്തി.

തപ്തി തൻ പുളിനത്തിൽ നിദ്രകൊണ്ടീടുവാ-
നിനിയരനാഴിക മാത്രമല്ലോ,
അറിയില്ലയങ്ങേക്കൊന്നുമറിയില്ല,
പെണ്ണിന്മനസിന്റെ തേങ്ങലുകൽ.

ഈ ജന്മമങ്ങേക്കു ഹൃദയം പകുത്തിടാ-
നെത്ര ശ്രമിച്ചുഞാൻ,ത്രാണിയില്ല
ഇനിയൊരുജന്മമുണ്ടെങ്കിൽഞാനങ്ങയെ-
യെന്റെ ഹൃദയത്തിൽ ചേർത്തു വെക്കും...

Monday, June 22, 2015

പറന്നു പോയകാലം

പൊയ്പോയ കാലമേ നീയെനിക്കൊരു മാത്രയാ-
നല്ല കാലം കടം തരുമോ.
തൊടിയിലും പുഴയിലും  കതിരറ്റ വയലിലും,
തുടികൊട്ടി നിന്നൊരാ ബാല്യകാലം .

വൈക്കോൽ മണമുള്ള്ക്ക് മുറ്റവും നന്മതൻ-
പൈമ്പാൽ ചുരത്തും പ്രഭാതങ്ങളും.
നിറകതിർ തലചായ്ചുറങ്ങും വഴികളും.
കൈതോല കണ്ണാടി നോക്കും പുഴകളും.

തേന്മധുരമടരുന്ന മുത്തശ്ശി മാഞ്ചോടും,
തുള്ളിക്കളിക്കുന്നൊരണ്ണാർകണ്ണനും,
ഉപ്പിൻ കണികകൾ വീണുകിളിർത്തൊരാ-
ചേനയും ചേമ്പും മരച്ചീനിയും.

അതിഥിക്കൊരല്പം മധുരത്തിനായ പണ്ട-
യലത്തെവീട്ടിലേക്കോടിടും നാരികൾ.
നന്മതൻ വേലികൾ മണ്മറഞ്ഞപ്പഴോ,
സ്വാർത്ഥ മോഹത്തിൻ മതിൽകെട്ടി മാനസം.

ഉമ്മറകോലായിലന്തിമയങ്ങിടുംനേരത്തു-
നാമം ജപിക്കുന്ന മുത്തശ്ശി.
അമ്മതൻ വാത്സല്യ ചൂടേറ്റുറങ്ങുവാൻ,
കുളിരുമായെത്തും തുലാവർഷരാത്രിയും.

ആ കാണും വയലിന്റെയങ്ങേ ക്കരയിലായ്,
നില്പതാം അറിവിന്റെ കേദാരമേ.
മണിമുഴങ്ങീടുമ്പോൾ മഴനനഞ്ഞിട്ടുഞാൻ,
മണ്ടിടും നേർത്തവയലിലൂടെ

പുത്തനുടുപ്പിൻ മണമുള്ളോരോണമേ,
കൊന്നകൾ പൂക്കണീ വെക്കുന്ന മേടമേ.
വരുംകാലമത്രയും വർണ്ണം നിറയ്ക്കുവാൻ-
ഓർമ്മതൻ ചായവും ചുവരും മതി

പറന്നുപോയകാലം

പൊയ്പോയകാലമേ നീയെനിക്കൊരുമാത്ര-യാ
നല്ലകാലം

Thursday, May 14, 2015

ജല ഭിക്ഷ......

തരികെനിക്കൊരു തുടം തെളിനീർ മടിയാതെ-
പൊള്ളുന്ന കണ്ഠ്നാളത്തിന്നമൃതേകാൻ.
മടിയേവമില്ലാതെ പകരുക സോദരീ,
പകലോന്റെ താപം കൊടുമ്പിരി കൊള്ളവേ.

ജാതിനീചോദിച്ചിട്ടില്ലെങ്കിലും വിഭോ-
തരികില്ല ഞാൻ നിനക്കൊരുതുള്ളീ ജലകണം.
തുട്ടുകളെണ്ണീ കൊടുത്തു ഞാൻ വാങ്ങിയോ-
രിറ്റുജലം നിനക്കേവുവതെങ്ങനെ.

അശ്രുകണം പോലെ സ്ഫടിക സമാനമാം-
മിഷ്ടം ജലം തൂവും കൂപത്തിൽ നിന്നു നീ-
പാളക്കരണ്ടിയിൽ തേവിനൽകീടുക,
ജാതിതന്നുച്ച നീചത്വമില്ലാ ജലം.

കള്ളിച്ചെടികൾ കുടിച്ച് വറ്റിച്ചൊരാ -
കല്ലിൽനിന്നെങ്ങനെ കോരിനൽകും ജലം.
ഭൂഗർഭ പാത്രം  വരണ്ടുണങ്ങീടുമ്പോൾ-
കനിവിന്റെയുറവകളെങ്ങനെ മുളപൊട്ടും.

പുഴവറ്റി പുഴചെന്നു ചേരും കടൽ വറ്റി,
മഴതെറ്റി മഴകാത്തു നിന്ന വയൽ പൊട്ടി.
മലതട്ടി മലയാളനാടിൻ മുഖം മാറ്റി,
കാടുവെട്ടി കാട്ടരുവിക്ക് വഴിതെറ്റി

ആനന്ദഭിക്ഷുവിൻ വ്രണിതമാം ഹൃദയത്തി ലീ-
വിധം നോവിന്റെ ചിന്തകളുറപൊട്ടി
വസുന്ധരേ നിൻ ഗർഭപാത്രം ചുമന്നൊരാ-
മർത്യജന്മങ്ങളാം നീച ബീജങ്ങളെ-

ഗിരിശിഖരങ്ങൾ ചുരത്തിയ പാലൂട്ടി-
മേനിതന്നിൽ നൂറു മേനിവിളയിച്ച്,
ഒടുക്കത്തെ യൊരുതുള്ളി രക്തവും വീഴ്ത്തി നീ
മാറിൽ കിടത്തിയുറക്കീ നീ യെന്തിനു?