Labels

Pages

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, June 18, 2017

ചോദ്യങ്ങൾ?

_________________________
ഉത്തരമില്ലാത്ത ചോദ്യമാണീ ഭൂമി,
മറുപിറവിയുണ്ടോ ? ആർക്കറിയാം.
പ്രളയംതഴുകിയുറക്കിടുമത്രേ,
തീമഴപെയ്ത് ദഹിച്ചിടുമത്രേ.

ഡാർവിന്റെ ചോദ്യങ്ങൾ പരിണമിച്ചത്രേ
ജീവന്റെ പരിണാമമുത്ഭവിച്ചു ?
ഓരോ സമസ്യയിൽ നിന്നുയിർകൊണ്ടു
നാമിന്നു കാണും പുരോഗതിയാകവേ

ന്യൂട്ടനും ചോദിച്ചു ചോദ്യശതങ്ങളെ
മാഡം ക്യൂറിക്കും ചോദ്യങ്ങളേറെയായ്
ചോദ്യത്തിനുത്തരം തേടിയലഞ്ഞവർ
നേടീ നവനവയുത്തരം പ്രിയാണേ..

ഞാനെന്ന ചോദ്യത്തിനുത്തരംതേടി-
യലഞ്ഞു മഹത്തുക്കളെന്നുമെന്നും
വൃക്ഷതണുപ്പിലും ഗഹ്വരേയുള്ളിലു
മാനന്ദ കൂത്തുകണ്ടാടി പാമ്പ്.

ഹൈന്ദവർ ക്രിസ്തുമുഹമ്മദീയ-
രിന്നുപേർ ചൊല്ലി തമ്മിലകന്നിടുന്നു.
കൃഷ്ണൻ വലത്തോട്ട് മാറിനിൽക്ക!
ഇടത്തോട്ട് തെല്ലൊന്നകന്നുനിക്കാ-
നൗസേപ്പ് ചൊല്ലി മുഹമ്മദോട്..

Tuesday, June 30, 2015

താജ്മഹൽ തേങ്ങുന്നു...........

മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയതമയുടെ ഓർമ്മയ്ക്കായ് ലോകാത്ഭുതമായ താജ്മഹൽ നിർമ്മിച്ചു ...അനശ്വര പ്രേമമെന്ന് ലോകം വാഴ്ത്തി
എന്നാൽ  രേഖപ്പെടുത്താത്ത ചില കറുത്ത ഏടുകളുണ്ട്  ചരിത്രത്തിനു
ഷാജഹാൻ തന്റെ പ്രേമഭാജനമായ അർജുമന്ദ് ബാനു ബീഗം എന്ന മുംതാസ് മഹലിനെ വിവാഹംകഴിക്കുന്നതിനു മുമ്പ് അവർ മറ്റൊരാളുടെ ഭാര്യയായിരുന്നത്രേ  മുംതാസിന്റെ സൗന്ദര്യം കണ്ട് മോഹിച്ച ഷാജഹാൻ അവരെ മൊഴിചൊല്ലുവാൻ ആവശ്യപ്പെട്ടുവെന്നും അത് നിരസിച്ച ഭർത്താവിനെ ഉടവാളിനിരയാക്കിയ ശേഷം മുംതാസിനെ സ്വന്തമാക്കിയെന്നും പറയപ്പെടുന്നു
തന്റെ പതിനാലാമത്തെ പ്രസവത്തോടെ രക്തംവാർന്നാണു മുംതാസ് മഹൽ മരിക്കുന്നത്
മരണക്കിടക്കയിൽ വെച്ച് അവർ ഷാജഹാനോട് താൻ ഒരിക്കലും ഷാജഹാനെ മനസ്സ് തുറന്ന് സ്നേഹിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തുന്നു   മുംതാസിന്റെ കബർ ആദ്യം തപ്തിയുടെ തീരത്തായിരുന്നു അവിടെ നിന്നും പിന്നീട് താജ്മഹലിലേക്ക് മാറ്റപ്പെട്ടു
ഷാജഹാൻ -ലോകരാജാവ്
മുംതാസ് മഹൽ-കൊട്ടാരത്തിലെ ഏറ്റവും പ്രിയപ്പെട്ടത്

-------------------------------------------
താജ് മഹൽ തേങ്ങുന്നു (കവിത)


ചുടുനിണം വാർന്നെന്റെ യൗവ്വനപൂക്കാല-
മിന്നിതാ വാടിക്കരിഞ്ഞിടുന്നു.
മലർവാടിതന്നിലെ ചെമ്പകചോട്ടിലായ്,
ഞാനെന്റെ ഹൃദയമൊളിച്ചു വെച്ചു.

രക്തപുഷ്പങ്ങൾ ചിതറിക്കിടക്കുമീ -
മെത്തയിൽ വന്നൊന്നിരിക്കു ഖുറം.
മുല്ലയും,പിച്ചിയും,പനിനീർദളങ്ങളും,
ചതവാർന്നോരാരാത്രി ഓർമ്മയുണ്ടോ?

വരികെന്റെ ചാരത്ത്, വന്നിരിക്കൂ പ്രഭോ-
യെന്മനമങ്ങേക്ക് കാട്ടിടാം ഞാൻ.
പതിനെട്ട്കൊല്ലം കഴിഞ്ഞൊരീ ദാമ്പത്യ-
മിന്നുതിരശ്ശീല വീണിടുമ്പോൾ.

സ്വപ്നങ്ങളൊന്നുമെനിക്കില്ലയന്നെന്റെ-
കാന്തനോടൊത്തങ്ങ് വാണകാലം
മുഗൾവംശപാതയിൽ പട്ടമഹിഷിയായ്,
വാണിടാനാശയതേതുമില്ല.

അന്നൊരു സന്ധ്യയിലാഗ്രതൻ തെരുവിൽനീ,
യെന്മുഖം കണ്ട് മോഹിച്ചുപോയി.
എന്മേനി പുൽകുവാനാശിച്ചു നീയെന്റെ-
കാന്തന്റെ ചോരയും വീഴ്ത്തിയില്ലേ.

കൊട്ടാരറാണിയായ് വാഴിച്ചുനീയെന്നെ-
മുംതാസ്മഹലെന്നു വാഴ്ത്തിയില്ലേ.
ഇരുബീവിമാരിലും വേറിട്ടുകാണുവാ-
നെന്തുണ്ടെനിക്കു വിശേഷമായി.

ഏതു പിഴച്ചസമയത്തു ഞാൻചൊല്ലി
സന്താന ഭാഗ്യമവർക്ക് വേണ്ട.
രണ്ടു തുരുമ്പിച്ച ഗർഭപാത്രങ്ങൾ തൻ-
ശാപമിന്നെന്നിൽ ഗ്രസിച്ചുവല്ലോ.

ഭൂലോക മന്നനായ് വാണിടാനായിനീ-
കൂടപ്പിറപ്പിന്റെ ചോര ചീന്തി.
ആശിച്ചതത്രയും അധികാര ഗർവ്വിനാൽ,
കൊന്നും കൊടുത്തും വശപ്പെടുത്തി.

തപ്തി തൻ പുളിനത്തിൽ നിദ്രകൊണ്ടീടുവാ-
നിനിയരനാഴിക മാത്രമല്ലോ,
അറിയില്ലയങ്ങേക്കൊന്നുമറിയില്ല,
പെണ്ണിന്മനസിന്റെ തേങ്ങലുകൽ.

ഈ ജന്മമങ്ങേക്കു ഹൃദയം പകുത്തിടാ-
നെത്ര ശ്രമിച്ചുഞാൻ,ത്രാണിയില്ല
ഇനിയൊരുജന്മമുണ്ടെങ്കിൽഞാനങ്ങയെ-
യെന്റെ ഹൃദയത്തിൽ ചേർത്തു വെക്കും...

Monday, June 22, 2015

പറന്നു പോയകാലം

പൊയ്പോയ കാലമേ നീയെനിക്കൊരു മാത്രയാ-
നല്ല കാലം കടം തരുമോ.
തൊടിയിലും പുഴയിലും  കതിരറ്റ വയലിലും,
തുടികൊട്ടി നിന്നൊരാ ബാല്യകാലം .

വൈക്കോൽ മണമുള്ള്ക്ക് മുറ്റവും നന്മതൻ-
പൈമ്പാൽ ചുരത്തും പ്രഭാതങ്ങളും.
നിറകതിർ തലചായ്ചുറങ്ങും വഴികളും.
കൈതോല കണ്ണാടി നോക്കും പുഴകളും.

തേന്മധുരമടരുന്ന മുത്തശ്ശി മാഞ്ചോടും,
തുള്ളിക്കളിക്കുന്നൊരണ്ണാർകണ്ണനും,
ഉപ്പിൻ കണികകൾ വീണുകിളിർത്തൊരാ-
ചേനയും ചേമ്പും മരച്ചീനിയും.

അതിഥിക്കൊരല്പം മധുരത്തിനായ പണ്ട-
യലത്തെവീട്ടിലേക്കോടിടും നാരികൾ.
നന്മതൻ വേലികൾ മണ്മറഞ്ഞപ്പഴോ,
സ്വാർത്ഥ മോഹത്തിൻ മതിൽകെട്ടി മാനസം.

ഉമ്മറകോലായിലന്തിമയങ്ങിടുംനേരത്തു-
നാമം ജപിക്കുന്ന മുത്തശ്ശി.
അമ്മതൻ വാത്സല്യ ചൂടേറ്റുറങ്ങുവാൻ,
കുളിരുമായെത്തും തുലാവർഷരാത്രിയും.

ആ കാണും വയലിന്റെയങ്ങേ ക്കരയിലായ്,
നില്പതാം അറിവിന്റെ കേദാരമേ.
മണിമുഴങ്ങീടുമ്പോൾ മഴനനഞ്ഞിട്ടുഞാൻ,
മണ്ടിടും നേർത്തവയലിലൂടെ

പുത്തനുടുപ്പിൻ മണമുള്ളോരോണമേ,
കൊന്നകൾ പൂക്കണീ വെക്കുന്ന മേടമേ.
വരുംകാലമത്രയും വർണ്ണം നിറയ്ക്കുവാൻ-
ഓർമ്മതൻ ചായവും ചുവരും മതി

പറന്നുപോയകാലം

പൊയ്പോയകാലമേ നീയെനിക്കൊരുമാത്ര-യാ
നല്ലകാലം

Thursday, May 14, 2015

ജല ഭിക്ഷ......

തരികെനിക്കൊരു തുടം തെളിനീർ മടിയാതെ-
പൊള്ളുന്ന കണ്ഠ്നാളത്തിന്നമൃതേകാൻ.
മടിയേവമില്ലാതെ പകരുക സോദരീ,
പകലോന്റെ താപം കൊടുമ്പിരി കൊള്ളവേ.

ജാതിനീചോദിച്ചിട്ടില്ലെങ്കിലും വിഭോ-
തരികില്ല ഞാൻ നിനക്കൊരുതുള്ളീ ജലകണം.
തുട്ടുകളെണ്ണീ കൊടുത്തു ഞാൻ വാങ്ങിയോ-
രിറ്റുജലം നിനക്കേവുവതെങ്ങനെ.

അശ്രുകണം പോലെ സ്ഫടിക സമാനമാം-
മിഷ്ടം ജലം തൂവും കൂപത്തിൽ നിന്നു നീ-
പാളക്കരണ്ടിയിൽ തേവിനൽകീടുക,
ജാതിതന്നുച്ച നീചത്വമില്ലാ ജലം.

കള്ളിച്ചെടികൾ കുടിച്ച് വറ്റിച്ചൊരാ -
കല്ലിൽനിന്നെങ്ങനെ കോരിനൽകും ജലം.
ഭൂഗർഭ പാത്രം  വരണ്ടുണങ്ങീടുമ്പോൾ-
കനിവിന്റെയുറവകളെങ്ങനെ മുളപൊട്ടും.

പുഴവറ്റി പുഴചെന്നു ചേരും കടൽ വറ്റി,
മഴതെറ്റി മഴകാത്തു നിന്ന വയൽ പൊട്ടി.
മലതട്ടി മലയാളനാടിൻ മുഖം മാറ്റി,
കാടുവെട്ടി കാട്ടരുവിക്ക് വഴിതെറ്റി

ആനന്ദഭിക്ഷുവിൻ വ്രണിതമാം ഹൃദയത്തി ലീ-
വിധം നോവിന്റെ ചിന്തകളുറപൊട്ടി
വസുന്ധരേ നിൻ ഗർഭപാത്രം ചുമന്നൊരാ-
മർത്യജന്മങ്ങളാം നീച ബീജങ്ങളെ-

ഗിരിശിഖരങ്ങൾ ചുരത്തിയ പാലൂട്ടി-
മേനിതന്നിൽ നൂറു മേനിവിളയിച്ച്,
ഒടുക്കത്തെ യൊരുതുള്ളി രക്തവും വീഴ്ത്തി നീ
മാറിൽ കിടത്തിയുറക്കീ നീ യെന്തിനു?



Tuesday, April 28, 2015

കൃഷ്ണാമൃതം(ലളിതഗാനം)

കണ്ണനെ കാമുകീ ഭാവത്തോടെ ആരാധിക്കുന്ന ഒരു പെൺകുട്ടിയുടെ മനോവിചാരങ്ങൾ,
ഇത് ഒന്ന് പാടികേൾക്കാൻ ആഗ്രഹിക്കുന്നു പ്രിയ സഹോദരിമാർ ആരെങ്കിലും അവരുടെ സ്വന്തം ഈ ണത്തിൽ ഇത് ഒന്ന് പാടിത്തരുമോ...

പവനപുരേശന്റെ തിരുമുമ്പിൽ ഞാനൊരു-
ദ്വാപരയുഗത്തിലെ രാധയായി.
ഒരുകുളിർക്കാറ്റായെൻ പൂമേനി തഴുകുമ്പോൾ-
ഞാനൊരു കൃഷ്ണതുളസിയായി.
എന്റെ താരുടൽ കോരിത്തരിച്ചു പോയി.

കാച്ചെണ്ണ തേച്ചെന്റെ കാർകൂന്തൽ മെടയുമ്പോൾ-
കാർമുകിൽ വർണ്ണനെ ഓർത്തു പോയി.
മഞ്ഞൾക്കുഴമ്പാലേ പൂമേനി തഴുകുമ്പോൾ-
കാതോരം ചുംബന കുളിർ വിരിഞ്ഞു.
എന്റെ താരുണ്യ താമര മൊട്ടുണർന്നു.


കുളികഴിഞ്ഞീറനുടുത്തു വന്നു എന്റെ -
അമ്പാടിക്കണ്ണനു തിരിതെളിച്ചു.
അർദ്ധനിമീലിത മിഴികളിൽ ഞാനൊരു-
കാതര മധുവാണി മീരയായി-
ഞാനറിയാതെ ഹരിനാമം ചുണ്ടിലൂറി.

കാളിന്ദീ നദിയുടെ കുളിരിലെനിക്കെന്റെ -
കണ്ണനുമൊത്തൊന്നു നീരാടണം.
ഒരുവനമാലിയായ് കണ്ണന്റെ തിരുമാറിൽ-
തളർന്നുറങ്ങീടണം പുലരും വരെ.
എന്റെ ജന്മസാഫല്യമെൻ കണ്ണനല്ലോ

Thursday, April 16, 2015

കേരളം വില്പനയ്ക്ക്

ഭാർഗ്ഗവരാമായെടുത്തു കൊൾക-
പണ്ട് പാലാഴി തന്നിലെറിഞ്ഞ മഴു.
പുകൾപെറ്റ മലയാള നാടിനെ സൃഷ്ടിച്ച-
തീവിവിധം മലിനപ്പെടുത്തുവാനോ.

കടലുൾവലിഞ്ഞു പണ്ടുണ്ടായ കൈരളീ,
കരയാതെ കാമ്പെഴും കനകമേ നീ.
നിൻ പ്രിയ മാനസൻ തിരകളാൾ പുണരുന്ന-
കാലത്തിനിനിയത്ര ദൂരമില്ല.

കാണുവാൻ വയ്യെനിക്കുണരും പ്രഭാതത്തി-
ലച്ച് നിരത്തിടും വാരത്തകളെ .
പീഡനമഴിമതി,രാഷ്ട്രീയ പാതകം;
മാവർത്തനക്കല്ല് തേഞ്ഞുപോയി.

വിപ്ലവ ച്ചോപ്പും വിമോചന ഖദറു-
മതിലുണ്ടായോരമ്പത് ശാഖികളും.
മന്യോന്യമവർചെയ്ത പാപങ്ങളെറിയുന്നു,
തങ്ങളിൽ തങ്ങളിൽ കേമനാകാൻ.

അരിവാളുമെനയുവാനുലയൂതി ജീവിതം,
ഹോമിച്ചകൊല്ലൻ വിടപറഞ്ഞു.
അരിവാളിൻ വായ്ത്തല സ്വർണ്ണം പൊതിഞ്ഞപ്പോൾ
ചേറ്റിലെ ചെറുമനകന്നു പോയി.

ആദർശം മുക്കിപ്പിഴിഞ്ഞ ഖദറിൽ-
നിന്നാദരശമൊക്കെയൊലിച്ചുപോയി.
കടുംകറകളയുവാൻ കല്ലിലുരച്ചെന്റെ,
ഖദറും കൗപീനവും തേഞ്ഞുപോയി.

മംസള കോമള സൂര്യപ്രഭാമുഖി,
മാനസേ കേറി ഭരിച്ചിടുമ്പോൾ.
മന്ത്രിയും തന്ത്രിയും മറ്റുമഹാന്മാരും,
വാലാട്ടി വാലാട്ടി ചെന്നു ചെമ്മേ.

എന്നുമീപാൽച്ചോറു തിന്നിടാമെന്നുനീ,
യൊരുനാളുമുൾക്കോട്ട കെട്ടിടേണ്ടാ.
ജനമെന്ന സാഗരത്തിരമാലയേറ്റുനീ,
തെരുവിൽ ദിഗംബരനാകും വരെ.

Sunday, June 1, 2014

പുത്രോ രക്ഷതി വാര്‍ദ്ധക്യേ.......?

നടതള്ളുവാൻ നിനക്കെങ്ങനെ തോന്നിയ-
തെന്നിൽ കുരുത്തൊരെൻ പൊന്മകനേ....
ഞാനൊരു ഭാരമാണെങ്കിൽ നിനക്കെന്നെ-
യിറ്റുവിഷത്തിനാൽ കൊന്നുകൂടെ.

പത്തുമാസത്തെ പഴങ്കത ചൊല്ലിയെൻ-
ഗർഭപാത്രം ഞാൻ കളങ്കപ്പെടുത്തില്ല.
പേറ്റുനോവിൻ പെരുംവേദന ചൊല്ലിയെൻ-
മാതൃത്വമൊരുനാളു മടിയറവെക്കില്ല.

അരവയറുണ്ണുവാൻ പോലുമില്ലെങ്കിലും,
നിറവയറൂട്ടി ഞാനെൻ മുലപ്പാലിനാൽ.
ഉപ്പുതുണി നനച്ചിട്ടു ഞാൻ നെറ്റിയിൽ,
പുലരും വരെ മിഴി പൂട്ടാതിരുന്നു ഞാൻ.

അഞ്ചു വയസു തികച്ചുമില്ലന്നു നി-
ന്നച്ഛൻ പിരിഞ്ഞങ്ങു പോയനാളിൽ.
നിന്നെയും മാറിലൊതുക്കിയാ കൂരയിൽ,
പേടിപൂണ്ടങ്ങു കഴിഞ്ഞൊരാത്രികൾ.

അമ്പാട്ടു വീടിനടുക്കള തന്നിൽ ഞാ-
നമ്പേ പുകഞ്ഞൊരു മഴകൊണ്ട കൊള്ളിപോൽ.
എന്നുമരവയറുണ്ടു ഞാൻ വെക്കുമാ-
പങ്കിനു നീയെന്നു മോടിവരാറില്ലേ..

തൊടിയിലാക്കാറ്റിൽ കൊഴിഞ്ഞൊരാ മാമ്പഴ-
മെത്ര ഞാൻ മടിയിൽ പൊതിഞ്ഞു നിനക്കേകി.
ഓർമ്മതൻ മാചുന വീണെന്റെ ഹൃത്തടം,
പൊള്ളുന്നു; മിഴിനീർ തണുപ്പുണ്ടെന്നാകിലും.

അമ്മയെ തെരുവിലെറിഞ്ഞെങ്കിലും നീയ-
ന്നമ്മ ചൊല്ലിതന്നതൊന്നും മറക്കല്ലേ.
അമ്മതൻ കനവിലും നിനവിലും നീയുണ്ട്,
അമ്മയാ ചുടുകാട്ടിലെരുയും വരെ..........





Wednesday, May 21, 2014

വർഷമോഹിനി

വർഷ മേഘങ്ങൾ തേർതെളിച്ചെത്തുമീ-
വർഷ കാലമെനിക്കേറെയിഷ്ടമാ....
വെള്ളിനൂലിനാൽ കൊള്ളിയാൻ തീർത്തൊരാ-
പുടവ ചുറ്റിയ മഴയെന്ന സുന്ദരി...

തുള്ളിക്കൊരുകുടം പെയ്തുനിറഞ്ഞുനീ-
യിക്കൂരിരുട്ടിനെയാർദ്ദമാക്കാൻ.
മഴ പെയ്യുംരാവിനോടെന്തുകൊണ്ടോ-
യെനിക്കെന്നുമൊരിഷ്ടമുണ്ടായിരുന്നു.

ഉമ്മറത്തിണ്ണയിലോട്ടുവിളക്കിന്റെ മങ്ങും-
വെളിച്ചത്തിൽ ഞാനലിഞ്ഞു.
മുത്തുപൊഴിച്ചുകൊണ്ടെത്തി നീയെൻചാരെ-
തൂവാനക്കയ്യാൽ തിരികെടുത്തി.

ഈറനാം നിൻ മൃദുപാദങ്ങൾ വെച്ചു നീ,
നവവധു നാണം പൂണ്ടങ്ങുനിന്നു.
മഞ്ഞിൻ തണുപ്പുള്ളൊരാവിരൽ തുമ്പിൽ ഞാൻ,
വിറയാർന്ന ഹൃദയം കൊണ്ടൊന്നു തൊട്ടു.

നനവാർന്ന നിൻ കുഴൽ തുമ്പിൽ തിരുകിയ,
മാമ്പൂവിൻ ഗന്ധത്തിൽ ഞാനലിഞ്ഞു.
കണ്ണിൽ പടർന്നൊരാ കാർമുകിൽ കണ്മഷി,
കാതരേ നീ രതി ശില്പമായി....

മനസ്സിന്റെ മാന്തോപ്പിൽ നീയിറുത്തിട്ടയാ-
മാമ്പൂക്കളൊക്കയും വാടിയല്ലോ
ഈ മണലാരണ്യ ജീവിതയാത്രയിൽ,
നീ യെന്നെ വിട്ടകന്നെങ്ങു പോയി.....

Sunday, May 11, 2014

ഗുരു ദക്ഷിണ

ഏകലവ്യാ ഛേദിച്ചു നല്‍കൂ
അംഗുലിയെനിക്കു നീ വേഗം
കര്‍ണനാളിയിലമ്പുപോല്‍ കൊണ്ടാ-
നീതിയേവമില്ലാത്തോരാവാക്ക്....

കണ്ണുനീരടർന്നിറ്റിറ്റുവീഴുമാ,
കണ്ണുകൾപൂട്ടിനിന്നൊരുമാത്ര.
മെല്ലെ വിറയാർന്ന ചുണ്ടിനാൽ ചൊല്ലി,
നീതിയെൻ പെരുവിരൽത്തുമ്പിൽ മരിച്ചുവോ!

കാട്ടാളനെങ്കിലും കണ്ടുപഠിച്ചുഞാ-
നങ്ങിവർക്കെന്നും പകർന്നൊരാവിദ്യകൾ.
ഇന്നുഞാനിവരിലും ശ്രേഷ്ട്നാണെന്നങ്ങു-
തെറ്റിധരിച്ചു ചോദിച്ചെന്‍റെ പെരുവിരൽ.

ഫൽഗുനാ ...പാരിടം വെല്ലും ധനുർധാരി,
കാതങ്ങൾ താണ്ടിയെത്തട്ടെ നിൻ ഞാണൊലി...
നിൻ തിരുപാദത്തിൽ ബലിനൽകിടുന്നിതാ....
നിണമിറ്റുവീഴും വിരലും കിനാക്കളും.

വില്ലും ശരങ്ങളും ദ്രോണർതൻ പാദത്തിൽ,
വെച്ചു തൊഴുതവനൊമ്പതു വിരലിനാൽ,
നിണബിന്ദുവിറ്റിറ്റു വീണുപടരുമാ,
കരിയിലതന്നിൽ പതിച്ചുരണ്ടിറ്റുനീർ.....

Monday, January 21, 2013

എഴുത്തുപെട്ടി

ചെമ്പട്ടിൻ ചെറുചേലയുടുത്തിട്ടൻ-
മ്പൊടുവാഴുമിരുമ്പിൻകൂടിനു-
ണ്ടല്ലൊ ചെറുവായതുമണ്ടയ്-
ക്കുണ്ടാവും പണ്ടത്തിലെഴുത്തുകൾ.

വന്നിടുമാളുകളന്നൊട്ടനവധി-
തന്നിടുമന്നം മുട്ടില്ലാതെ.
തിന്നിടുമനവധി കത്തു കനത്തിൽ,
കന്നത്തരമൊട്ടൊണ്ടെന്നാലും.

കത്തുകളനവധിയെത്തുമിഹത്തിൽ,
കുത്തും,കോമയുമിട്ടിട്ടനവധി.
കത്തിടുമുള്ളം കാമിനിമാർ ചെറു-
കത്തുകളാക്കിയയക്കും ഖത്തറിൽ.

കഷ്ടപ്പാടുകളുണ്ടിന്നനവധി,
അഷ്ടികഴിക്കൽ കഷ്ടം തന്നെ.
നഷ്ടപ്പെട്ട പ്രതാപം നോക്കി,
വൃഷ്ടി നനഞ്ഞു നെടുവീർപ്പിട്ടു.

Wednesday, January 16, 2013

സർപ്പക്കാവ്....

അന്തിമയങ്ങുന്നനേരത്ത് ഞാനെന്നു-
മമ്മയോടൊന്നിച്ച്പോയിരുന്നു.
തെക്ക്പടിഞ്ഞാറുദിക്കിലാക്കാവിലൊ-
രന്തിതിരിതെളിച്ചീടാൻ.......

അന്തിമയങ്ങിയനേരത്തും കാവിലൊ-
രന്ധകാരം നിഴലിച്ചു.....
ഇലച്ചാർത്ത് കാറ്റിലുലഞ്ഞ നേരം-
ചെറു ചോപ്പൊന്നു വീശി മറഞ്ഞു ദിനകരൻ.

വള്ളിയിൽ തൂങ്ങിയൊരണ്ണാറക്കണ്ണ-
നെൻ കണ്മുന്നിൽ ചാടിയൊളിച്ചു.
തുംഗമാം വൃക്ഷപടർപ്പിൽ പലവിധ-
പക്ഷിതൻ മൃദു കള കൂജനങ്ങൾ.

മരമുണ്ട്,പനയുണ്ട്..ചൂരൽ പടർപ്പുണ്ട്,
ഒരുകൊച്ചുകുളമുണ്ട് നടുവിൽ.
ചിത്രകൂടങ്ങൾക്കകമേ വസിക്കുന്ന,
മണിനാഗദൈവങ്ങളുണ്ട്.

ആണ്ടിലൊരായില്ല്യം നാളിൽ കളം-
വരച്ചാടുന്നു നാഗദൈവങ്ങൾ.
മഞ്ഞളും,പാലും ,പഴങ്ങളും,പൂക്കളും,
കവുങ്ങിന്റെ പൂക്കുല വേറെ വേണം.

പുള്ളുവ വീണയും പുള്ളോർകുടങ്ങളും,
നാഗമ്പാടിതൻ വായ്പ്പാട്ടും കുരവയും.
ദൃഷ്ടിക്ക് നാവേറു പാടാൻ ചിലർ ചെറു-
ദക്ഷിണ വെച്ചു തൊഴുതു നിൽക്കും..


കാറ്റത്ത് വീണ്കിടക്കുമിലയൊക്കെ-
യമ്മയടിച്ചുതെളിച്ചു.
വെള്ളമൊരല്പം കുടഞ്ഞ് വെടിപ്പാക്കി,
വേനൽമഴപെയ്തപോലെ.

തലമുറകൾ തിരിയിട്ടു തെളിച്ചൊരാ-
കൽ വിളക്കവിടെയുണ്ടിന്നും..
ശതാബ്ദം പിറകിലായാരോപ്രതിഷ്ടിച്ച,
കാലാധിവർത്തിയാം സ്മരണ ശില.

എണ്ണതിരികത്തി;സ്വർണപ്രഭവീശി,
ചന്ദനഗന്ധമൊഴുകി.......
കണ്ണടച്ചൊരുമാത്ര നിന്നുഞാനങ്ങനെ,
മാനസം  മാലേയപൂരിതമായ്

Tuesday, January 8, 2013

പതിച്ചി....

സപ്തതിതന്നവശത തന്നിലും,
ഓടിയെത്തിടുമോരോ പിറപ്പിലും.
എത്രയെത്ര കുരുന്നു പൂമേനികൾ,
തേച്ചുമിനുക്കിയെടുത്തൊരെൻ കൈയ്യുകൾ.

പെറ്റ പെണ്ണിനെ തൈലമുഴിഞ്ഞിട്ട്,
വെക്കപൊന്തിടും വേതിൽ മെഴുക്കണം,
അരിയാറുമങ്ങാടിയറുപതും ചേർത്തിട്ട്,
പുഷ്ടി നേടുവാൻ' രക്ഷ'വെരകണം.

കുഞ്ഞുപൂമേനിയെണ്ണ തടവീട്ട്,
മെല്ലെ,മെല്ലെ തഴുകിയൊതുക്കണം.
എണ്ണതൊട്ട പെരുവിരൽ തുമ്പിനാൽ,
'ചില്ലി'തന്നിലെ കണ്മഷി മായ്ക്കണം.

നീർത്തുള്ളിയിക്കിളി കൂട്ടുന്ന കുഞ്ഞിനെ,
കൊഞ്ചിച്ച്,ലാളിച്ച് മെല്ലെ നീരാട്ടണം.
കൈകളിലാലോലമാട്ടിയെടുത്തിട്ട്,
കാതോരമൂതണം;നീർത്തുള്ളി പോക്കണം.

ഇന്ന് ഗർഭം ചുമക്കുന്ന നാരിതൻ-
തത്രപാടുകണ്ടൊട്ടു ചിരിച്ചിട്ട്.
നെല്ല് കുത്തുന്ന നേരത്ത് പെണ്ണുങ്ങൾ,
പണ്ട് പെറ്റ പഴങ്കഥ ചൊല്ലുന്നു.

കിട്ടിടും നൂലുകെട്ടുന്ന നേരത്ത്,
കൈമടക്കും,മൊരുപുതു വസ്ത്രവും.
നൂറുപേരുടെ പേറെടുത്തെങ്കിലും,
കൊച്ചു കൂരയിലേകാന്ത ജീവിതം...



Sunday, January 6, 2013

എന്റെ സ്വന്തം........

ആലപ്പുഴയൊരു സുരസുന്ദരി.......
നിലാവിൽ മയങ്ങും മധുമോഹിനി.
ഋതുമതിയീറനുടുത്തു വന്നു,
കരിമുകിൽ കണ്മഷിയവൾ വരച്ചു.

കുറിമുണ്ട് ചേർത്ത് വളച്ചുവെച്ച,
നനവാർന്നോരിലച്ചാർത്തഴിച്ചു തോർത്തി,
കാതിലോ കൈതപ്പൂ കാതിലോല,
പൗർണമി പുളിനങ്ങളാഭരണം.

പുഴനൂലിൻ തൂവെള്ള പുടവ ചുറ്റി,
കണ്ണാടി പുളിനങ്ങൾ ഒളിഞൊറിഞ്ഞ്,
അണിവയർ ചേർത്തൊന്നൊതുക്കി കുത്തി,
ഒട്ടൊന്ന് നോക്കിമതിവരുത്തി.

അടിവെച്ചടിവെച്ചവൾ നടന്നു,
മഴത്തുള്ളി കൊലുസിന്റെ ചേലുക്കൊപ്പം,
പുഴതന്നിൽ കണ്ണാടി നോക്കിടുമ്പോൾ,
പുഴ മീനേ തെന്നികളിച്ചിടല്ലേ.....

അവളെന്നും പതിനേഴിൻ തേൻ കരിമ്പ്,
അവളെന്നിൽ പതിവാകും കനവിനുറവ്,
മമനാടേ പുകൾപെറ്റ് വാഴ്ക...വാഴ്ക,
മനതാരിലെന്നും നിറഞ്ഞു വാഴ്ക......


Tuesday, January 1, 2013

വിളക്കുമരം....

ഞാനൊരു നാളിലീ തെരുവിന്റയോരത്ത്,
ഒളിവീശിയാമോദം നിന്നിരുന്നത്രെ....
ഈ നഗരത്തിൻ നിതാന്ത കുതിപ്പുകൾ,
കണ്ണിമചിമ്മാതെ സാകൂതം നോക്കി ഞാൻ.
എന്നിൽ നീട്ടിവലിചോരു കമ്പിയിൽ,
കാകനും,പ്രാക്കളും കൊക്കുരുമീടവേ...
ആനന്ദപൂരിതമന്തരാത്മാവിന്റെ,
ചേതനയെങ്ങനെ കാട്ടിടും നിന്നെ ഞാൻ.
ഒരുദിനം വന്നൊരാൾ കെട്ടി കരിങ്കൊടി,
പശതേച്ചിട്ടെന്നിൽ പതിച്ചു കടലാസ്,
മെല്ലെയൊന്നോടിച്ച് വായിച്ചു ഞാനത്,
"ധീരസഖാവിന് കണ്ണുനീർ പുഷ്പങ്ങൾ...."
നഗരം ഉറങ്ങവേ...നട്ടാരുറങ്ങവേ.....
ഇരുൾ പരന്നീടുമ്പോളിരതേടും മന്യന്മാർ....
വന്നു വിലപേശി ചെറ്റുദൂരത്തായി-
ഗണികതൻ അൻപത് കാശിന്റെ ചൂടിന്
ഒരുദിനം കനവുകണ്ടങ്ങിരുന്നീടവേ...
പൊട്ടിതെറിച്ചെന്നിൽ തൂങ്ങുംവിളക്കുകൾ,
ഞെട്ടിത്തെറിച്ചുപകച്ചുഞാൻ നോക്കവെ...
ഓടിയകലും കുസൃതികുരുന്നുകൾ....
 നാളിതിലൊന്നിൽ ജരാനര വീഴവേ...
നഗരം പുരോഗതികൊണ്ട് പുളയവേ...
വെട്ടിമുറിച്ചെന്നെയൊട്ടും മടിക്കാതെ,
പാതയോരത്തിനിയന്ത്യമാം വിശ്രമം.
ആരോ ഒരാൾവന്നെടുത്തുകൊണ്ടുപോയി,
വീടിന് തൂണാക്കി,പാലമാക്കി പിന്നെ-
യെത്ര വിവിധമാം വേഷപകർച്ചകൾ,
എൻ ജന്മമെത്ര സഫലം സമുന്നതം.
മണ്ണിലൊരുനാളലിഞ്ഞുപൊലിഞ്ഞുപൊ-
മെന്നാലുമില്ലെനിക്കൊട്ടുമേ സങ്കടം,
എല്ലാമൊരിക്കലലിഞ്ഞു ചേർന്നീടണം,
വെറുമൊരുമരമല്ലേ....അമരത്വമില്ലല്ലോ....





Sunday, December 30, 2012

അണയാത്ത ജ്യോതി.......

ഒരുവൾ മലയാള മണ്ണിൽ സൗമ്യമായുറങ്ങി,
ഒരുവൾ രാജധാനിയിൽ വിപ്ലവജ്യോതിയായ്.
ആദ്യമേ സോദരീ മാപ്പ് ചൊല്ലീടട്ടെ,
അത്രമേൽ നെഞ്ചകം തേങ്ങി കൊണ്ടിന്നു ഞാൻ.
വസന്തം വിഹരിക്കും വീഥിതന്നോരത്ത്,
ഇരുൾവീഴ്ത്തി സൂര്യൻ വിടവാങ്ങും നേരത്ത്,
നിൻ സ്വപ്നമൊക്കയും ചേർത്ത് കൊരുത്തോ-
രരിഞ്ഞാണ മുത്തിൽ നിണം പടർന്നീടുന്നു....
കരിന്തുണി തുണ്ടിൽ നീ കണ്ണിടം പൊത്തുകിൽ,
കണ്മുന്നിലുള്ളത് കനവായ്മറയുമോ..?
ഇടംകൈയ്യിൽ തൂങ്ങുംതുലാസിന്റെ തട്ടുകൾ,
കണ്ണുനീർവീണു തുരുമ്പു പിടിച്ചുവോ.....
പരിമാണ സൂചിക്ക് പരിണാമം വന്നുവോ..
ഗന്ധിതലയുടെ ചിരികണ്ടിട്ടെപ്പൊഴോ....
മിഴിതുറന്നിട്ടൊന്ന് ചുറ്റിലും നോക്കുനീ,
നഗ്നയാക്കിയവർ നിന്നെയും ഭോഗിച്ചു.
എത്രമേൽ പാതകം ചെയ്തിട്ടുണ്ടെങ്കിലും,
കിട്ടിടുമത്രമേൽ മുന്തിയ താമസം.
കാരാഗൃഹമിന്ന് സുഖവാസ കേന്ദ്രമോ..
ഉന്നതൻ മാർക്കിത് 'അച്ചി'വീടോ...
ചിതൽ തിന്നു തീർത്തൊരാ നീതി തൻ -
പുസ്തക മാരിനി വാത്മീകം നീക്കിയുയർത്തിടും.
ക്ലാവ് പിടിച്ച് നരച്ച പുറം ചട്ടയാരിനി,
തേച്ച് മിനുക്കിയെടുത്തിടും.




Friday, December 28, 2012

പ്രണയത്തിലെ ചോദ്യങ്ങൾ...?.

പ്രണയത്തിന്റെ ഗന്ധം....?
വാസനിക്കുന്നോർക്ക് കുളിരും,
മാതാപിതാക്കൾക്ക് വ്യസനവും നൽകുന്ന,
കാട്ടുവിഷച്ചെടി പൂവിന്റെ ഗന്ധമോ...?
പ്രണയത്തിന്റെ വർണ്ണം...?
അകിടിലെ ക്ഷീരമാം ധവള വർണ്ണമെങ്കിലോ...
ക്ഷീരം നുണഞ്ഞിട്ട് മധുരം കുറവെന്ന്,
ചൊല്ലിപിരിഞ്ഞു പോം പമ്പരവിഡ്ഡികൾ...
പ്രണയത്തിന്റെ രുചി...?
ആദ്യം കരിമ്പായും,കാഞ്ഞിരക്കായായും,
കണ്ണീരിനുപ്പായും,കാമത്തിൻ ചവർപ്പായും,
കാലാന്തരേയടങ്ങാത്ത കാളകൂടവിഷം.
പ്രണയത്തിന്റെ രൂപം..?
പകരുന്ന പാത്രത്തിൻ രൂപം കൈക്കൊള്ളുമൊരു,
സ്ഫടിക ജലത്തിന്റെ കണികൾ പോലെ-
യതേറും മനസ്സിന്റെ രൂപമാം പ്രണയം.
പ്രണയത്തിന്റെ ഭാരം...?
ആദ്യനാളിലൊരു തൂവലിൻ ഭാരവും....
കാണാതിരിക്കുമ്പോൾ വിരഹത്തിൻ ഭാരവും,
മധുവിധുനാളിലനുരാഗ ഭാരവും...
കാലംകഴിയുംമ്പോൾ' ജീവിതം' ഭാരമോ...?
ഒരപേക്ഷ.....?
പ്രണയം നടിച്ചവർക്കായൊരു ദിനം,
പ്രണയം വെടിഞ്ഞവർക്കായൊരു ദിനം,
ഇനിയുമൊരുദിനം ബാക്കിയുണ്ടങ്കിലതു,
നൽകണം നാമതു മാതാപിതാവിനായ്....

Wednesday, December 19, 2012

ഒറ്റമുഖം....

പാരിതിൽ സ്ത്രീത്വത്തിനൊറ്റ മുഖം,
ഭ്രാന്തനാം ആൺപട നോക്കിടുമ്പോൾ.
പ്രായഭേദങ്ങൾക്ക് സ്ഥാനമില്ല....
ഏഴും എഴുപതുമൊത്തു പോകും.
വെള്ളം ചവിട്ടിടാൻ പെൺകിടാവ്,
 പാവാടത്തുമ്പൊട്ടുയർത്തിയെന്നാൽ,
വേലീലിരിക്കുന്ന കാകനെപോൽ,
ചാഞ്ഞും ചരിഞ്ഞങ്ങ് നോട്ടമായി.
യാത്രയിൽ സാരിതലപ്പ് മാറി,
അണിവയറൊട്ടു, പുറത്തു വന്നാൽ,
ഉടനടി ഫോട്ടം പിടിയ്ക്കയായി,
നാളത്തെ ചൂടുള്ള വാർത്തയതായ്..
ഓടുന്ന വണ്ടിയും തീവണ്ടിയും പിന്നെ-
വീടിനകത്തളം ,വിദ്യാലയം....
വിടരുന്ന യൗവന പൂമൊട്ടിനെ,
പൂവിതൾ ചീന്തി മധുനുകർന്നു.
അച്ചനുമമ്മയും ,മാതുലനും,
ഏട്ടനുമേട്ടന്റെ കൂട്ടുകാരു-
മൊത്തു മടിക്കുത്തഴിച്ചെടുത്തു,
ചാലിട്ട ചോരയുറുമ്പരിച്ചു.
കാച്ചിമിനുക്കൂ കടാര നിൻ കൈകളാൽ,
നിന്നിലെരിയും നെരിപ്പോടിൻ ജ്വാലയാൽ,
കുത്തിയിറക്കുക!!!!!!നീച ജന്മങ്ങൾ തൻ,
ചങ്ക് വലിച്ചുനീ മാലചാർത്തീടുക....


Saturday, December 15, 2012

കഞ്ഞി.......

പള്ളികൂടത്തിന്റെ നീളൻ വരാന്തയിൽ,
മദ്ധ്യാനമെത്തുമ്പോളുച്ച കഞ്ഞി.....
പത്തുമണിയുടെ  കത്തലകറ്റുവാ-
നമ്മവിളമ്പും പ്രഭാത കഞ്ഞി.....
അന്നദാനപ്രഭു ഉള്ളം നിറയ്ക്കുവാ-
നാമോദമേകിടാം സ്വാമി കഞ്ഞി.....
പനിവന്നു ചുമവന്നു ചൂടികിടക്കുമ്പോൾ,
പൊടിയരികഞ്ഞിയിലാവിപറക്കുന്നു......
കഞ്ഞിയിലിത്തിരി തേങ്ങ ചേർത്തീടുമ്പോൾ,
ചേലേറും സ്വാദുള്ള തേങ്ങാ കഞ്ഞി......
സ്വാദ് പോരെന്നോതി പാലുചേർത്തീടുമ്പോൾ,
കുലമഹിമയോതുന്ന പൈമ്പാൽ കഞ്ഞി....
ചിതകത്തിതീരുമ്പൊൾ കദനം മിഴിവാർക്കുമ്പോൾ,
കണ്ണീരിനുപ്പിട്ട പഷ്ണികഞ്ഞി.....
പലവിധകഞ്ഞികളുലകിൽ വിലസുമ്പോൾ,
കോരനു കുമ്പിളിൽ തന്നെ കഞ്ഞി......

Monday, December 10, 2012

ഇരിക്കപിണ്ഡം

കടക്കൂപുറത്തുനീ;ഈ അക്ഷരമുറ്റത്തിൻ,
പടിപ്പുരയ്ക്കപ്പുറം..........
കണ്ണീർതളം കെട്ടുംവദനം തുടച്ചിട്ടാരണ്ടിളം,
പൈതങ്ങൾ ;പിൻന്തിരിഞവർ പോയി.
മലർവാടി തന്നിലെ പൂമ്പാറ്റപോലന്ന്,
തുള്ളിക്കളിച്ചു മെതിച്ചുനടന്നവർ.
ഇന്നിതാ അക്ഷരമോതിതരേണ്ടവർ,
പടിയടച്ചിരിക്ക പിണ്ഡം സമർപ്പിച്ചു.
ആരോ കൊടുത്തൊരു നാരങ്ങാമുട്ടയി,
പാവാട കോന്തലചേർത്ത് മുറിച്ചതും.
ചോറ്റുപാത്രത്തിലെ ചമ്മന്തികൂട്ടാൻ,
പലവുരുപങ്കിട്ട് പകുത്തുകൊടുത്തതും.
ഭ്രഷ്ട് കല്പിച്ചിന്നു കൂടെപടിച്ചവർ,
മൂത്തോരുചൊല്ലി കൊടുത്തപോലങ്ങനെ.
അമ്മതൻന്നുദരത്തിലുയിർ കൊണ്ട ജീവനിൽ,
താതൻസമർപ്പിച്ചൊരധികമാം കൃമികീടം,
ഒന്നുമറിയാതെ വളരുന്ന ഭ്രൂണത്തിലെല്ലാ-
മറിയുന്നനീചനും വളരുന്നു.
കളത്രസ്നേഹംവിട്ടുകളങ്കമാംസ്നേഹത്തിൻ,
മാംസങ്ങൾ മാംസത്തെ രാകിതീപടരുമ്പോൾ,
പുത്രകളത്രങ്ങളെല്ലാം മറന്നുനീ,
മദ്യത്തിനുന്മാദനാളിതിലത്രയും.
നീ.....നിന്റെ ജീവനും കൊണ്ടുപറന്നുപോയ്....
നിൻമക്കളും പിന്നെ നിൻനല്ലപാതിയും,
നാലുചുവരുകൾക്കുള്ളിലെരിയുന്നു,
പടുതിരികത്തിപടർന്നവിളക്കുപോൽ.....