Pages

Sunday, June 1, 2014

പുത്രോ രക്ഷതി വാര്‍ദ്ധക്യേ.......?

നടതള്ളുവാൻ നിനക്കെങ്ങനെ തോന്നിയ-
തെന്നിൽ കുരുത്തൊരെൻ പൊന്മകനേ....
ഞാനൊരു ഭാരമാണെങ്കിൽ നിനക്കെന്നെ-
യിറ്റുവിഷത്തിനാൽ കൊന്നുകൂടെ.

പത്തുമാസത്തെ പഴങ്കത ചൊല്ലിയെൻ-
ഗർഭപാത്രം ഞാൻ കളങ്കപ്പെടുത്തില്ല.
പേറ്റുനോവിൻ പെരുംവേദന ചൊല്ലിയെൻ-
മാതൃത്വമൊരുനാളു മടിയറവെക്കില്ല.

അരവയറുണ്ണുവാൻ പോലുമില്ലെങ്കിലും,
നിറവയറൂട്ടി ഞാനെൻ മുലപ്പാലിനാൽ.
ഉപ്പുതുണി നനച്ചിട്ടു ഞാൻ നെറ്റിയിൽ,
പുലരും വരെ മിഴി പൂട്ടാതിരുന്നു ഞാൻ.

അഞ്ചു വയസു തികച്ചുമില്ലന്നു നി-
ന്നച്ഛൻ പിരിഞ്ഞങ്ങു പോയനാളിൽ.
നിന്നെയും മാറിലൊതുക്കിയാ കൂരയിൽ,
പേടിപൂണ്ടങ്ങു കഴിഞ്ഞൊരാത്രികൾ.

അമ്പാട്ടു വീടിനടുക്കള തന്നിൽ ഞാ-
നമ്പേ പുകഞ്ഞൊരു മഴകൊണ്ട കൊള്ളിപോൽ.
എന്നുമരവയറുണ്ടു ഞാൻ വെക്കുമാ-
പങ്കിനു നീയെന്നു മോടിവരാറില്ലേ..

തൊടിയിലാക്കാറ്റിൽ കൊഴിഞ്ഞൊരാ മാമ്പഴ-
മെത്ര ഞാൻ മടിയിൽ പൊതിഞ്ഞു നിനക്കേകി.
ഓർമ്മതൻ മാചുന വീണെന്റെ ഹൃത്തടം,
പൊള്ളുന്നു; മിഴിനീർ തണുപ്പുണ്ടെന്നാകിലും.

അമ്മയെ തെരുവിലെറിഞ്ഞെങ്കിലും നീയ-
ന്നമ്മ ചൊല്ലിതന്നതൊന്നും മറക്കല്ലേ.
അമ്മതൻ കനവിലും നിനവിലും നീയുണ്ട്,
അമ്മയാ ചുടുകാട്ടിലെരുയും വരെ..........





7 comments:

സലീം കുലുക്കല്ലുര്‍ said...

കവിത നന്നായി ...അവസാനം വരെ താളബോധം നിലനിര്‍ത്തുന്ന വരികള്‍ ...!

കുട്ടനാടന്‍ കാറ്റ് said...

തൊടിയിലാക്കാറ്റിൽ കൊഴിഞ്ഞൊരാ മാമ്പഴ-
മെത്ര ഞാൻ മടിയിൽ പൊതിഞ്ഞു നിനക്കേകി.
ഓർമ്മതൻ മാചുന വീണെന്റെ ഹൃത്തടം,
പൊള്ളുന്നു; മിഴിനീർ തണുപ്പുണ്ടെന്നാകിലും.

ajith said...

എത്ര പറഞ്ഞാലും കരുണതോന്നാത്ത മക്കള്‍

കവിത നന്നായി

സൗഗന്ധികം said...

ജീവിതസായാഹ്നത്തിൽ നിരാലംബമായി തേങ്ങുന്ന മാതൃത്വങ്ങളുടെ വർത്തമാനകാല ചിത്രം..!!


വളരെ ഹൃദയസ്പർശിയായി എഴുതിയിരിക്കുന്നു.



ശുഭാശംസകൾ....

മനോജ് ഹരിഗീതപുരം said...

എല്ലാവർക്കും നന്ദി

കൊച്ചു ഗോവിന്ദൻ said...

വൃദ്ധസദനം രക്ഷതി വാർധക്യേ!

വിനോദ് കുട്ടത്ത് said...

മനു.... വലുതാണ് നിന്‍റെ കവിതകൾ..... കെടാതെ തെളിഞ്ഞു കത്തും കനലുകള്‍.. തീനാളങ്ങള്‍.......