Pages

Tuesday, January 8, 2013

പതിച്ചി....

സപ്തതിതന്നവശത തന്നിലും,
ഓടിയെത്തിടുമോരോ പിറപ്പിലും.
എത്രയെത്ര കുരുന്നു പൂമേനികൾ,
തേച്ചുമിനുക്കിയെടുത്തൊരെൻ കൈയ്യുകൾ.

പെറ്റ പെണ്ണിനെ തൈലമുഴിഞ്ഞിട്ട്,
വെക്കപൊന്തിടും വേതിൽ മെഴുക്കണം,
അരിയാറുമങ്ങാടിയറുപതും ചേർത്തിട്ട്,
പുഷ്ടി നേടുവാൻ' രക്ഷ'വെരകണം.

കുഞ്ഞുപൂമേനിയെണ്ണ തടവീട്ട്,
മെല്ലെ,മെല്ലെ തഴുകിയൊതുക്കണം.
എണ്ണതൊട്ട പെരുവിരൽ തുമ്പിനാൽ,
'ചില്ലി'തന്നിലെ കണ്മഷി മായ്ക്കണം.

നീർത്തുള്ളിയിക്കിളി കൂട്ടുന്ന കുഞ്ഞിനെ,
കൊഞ്ചിച്ച്,ലാളിച്ച് മെല്ലെ നീരാട്ടണം.
കൈകളിലാലോലമാട്ടിയെടുത്തിട്ട്,
കാതോരമൂതണം;നീർത്തുള്ളി പോക്കണം.

ഇന്ന് ഗർഭം ചുമക്കുന്ന നാരിതൻ-
തത്രപാടുകണ്ടൊട്ടു ചിരിച്ചിട്ട്.
നെല്ല് കുത്തുന്ന നേരത്ത് പെണ്ണുങ്ങൾ,
പണ്ട് പെറ്റ പഴങ്കഥ ചൊല്ലുന്നു.

കിട്ടിടും നൂലുകെട്ടുന്ന നേരത്ത്,
കൈമടക്കും,മൊരുപുതു വസ്ത്രവും.
നൂറുപേരുടെ പേറെടുത്തെങ്കിലും,
കൊച്ചു കൂരയിലേകാന്ത ജീവിതം...



14 comments:

മനോജ് ഹരിഗീതപുരം said...

പതിച്ചി...(വയറ്റാട്ടി)

Vineeth M said...

കവിതയുടെ ഊഷ്മളത തോന്നിയ വരികള്‍.... ഒത്തിരി സന്തോഷം വായിച്ചതില്‍....

മാഷേ, ഒരു പുതിയ പോസ്റ്റ്‌ ഞാനും ഇട്ടിട്ടുണ്ട്.. വന്നു കണ്ടു അഭിപ്രായം പറയണേ....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

താരാട്ടുപോലൊരു കവിത.പ്രമേയത്തിന് യോജിച്ച പദങ്ങള്‍ .പണ്ടത്തെ പതിച്ചിയുടെ ഒരു മുഖച്ചിത്രം.
പക്ഷെ,ഇപ്പോള്‍ ഗ്രാമത്തിലായാലും പട്ടണത്തിലായാലും അവര്‍ പതിനായിരങ്ങളുണ്ട്.
അവര്‍ക്ക് പതിനായിരങ്ങളും.

ഷാജു അത്താണിക്കല്‍ said...

വരികളിൽ കവിതയും കവിതയിൽ കാര്യവുമുണ്ട്
ആശംസകൾ

DeepaBijo Alexander said...


വ്യത്യസ്തമായ വിഷയം...നന്നായി എഴുതി...

ajith said...

വരികളിൽ കവിതയും കവിതയിൽ കാര്യവുമുണ്ട്

പതിച്ചിയെ മാത്രം ഇപ്പോള്‍ കാണാനില്ലെന്ന് മാത്രം

സൗഗന്ധികം said...

നല്ല ഐശ്വര്യമുള്ളൊരു കവിത..
ശുഭാശംസകൾ....

Unknown said...

.....മനോജ്‌,...കവിത വായിച്ചപ്പോള്‍ സത്യത്തില്‍ സന്തോഷം തോന്നി.ഞങ്ങളുടെ ഒക്കെ ബാല്യ കാലത്ത് കണ്ടു മറന്ന ഒരു കഥപാത്രം പുനര്‍ജനിച്ചത് പോലെ തോന്നി..തിരഞ്ഞെടുത്ത കഥാപാത്രം മാത്രം അല്ല മനോജിന്റെ എഴുത്തിനു എന്തോ ഒരു പ്രേതെകത ഉണ്ട്..കഥാപാത്രവും ആയി ഇഴുകി ചേര്‍ന്നു നില്‍ക്കുന്ന പദങ്ങള്‍ .ലാളിത്യം നിറഞ്ഞ എഴുത്ത്...ഇഷ്ട്ടപെട്ടു കേട്ടോ..!!
.... നൂറുപേരുടെ പേറെടുത്തെങ്കിലും, കൊച്ചു കൂരയിലേകാന്ത ജീവിതം...
ഈ വരികള്‍ വളരെ നന്നായി...!!ആശംസകള്‍..!!!

Kalavallabhan said...

മനോഹരമായ പഴമയുള്ള നല്ല കവിത.
ആശംസകൾ

ഫൈസല്‍ ബാബു said...

നല്ല വരികള്‍ ,,വീണ്ടും എഴുതുക .എല്ലാ ആശംസകളും

aswathi said...

ഇഷ്ടമായി ഈ കവിത. ഒരു നേര്‍ചിത്രം..അഭിനന്ദനങ്ങള്‍

AnuRaj.Ks said...

ആഹാ ...... പതിച്ചിയെപ്പറ്റി ഒരു പാട് പഠിച്ചല്ലോ ....?

Unknown said...

ആരും പറയാത്ത ഒരു പ്രമേയം .....വല്ലാതെ മന്നസില്‍ തങ്ങി നില്‍ക്കുന്ന പോലെ തോന്നുന്നു ....നന്മകള്‍ നേരുന്നു കുട്ടി ...
-രൂപാ സനല്‍

മനോജ് ഹരിഗീതപുരം said...

നന്ദി പ്രിയരേ...ഒരായിരം നന്ദി....