Pages

Sunday, May 11, 2014

ഗുരു ദക്ഷിണ

ഏകലവ്യാ ഛേദിച്ചു നല്‍കൂ
അംഗുലിയെനിക്കു നീ വേഗം
കര്‍ണനാളിയിലമ്പുപോല്‍ കൊണ്ടാ-
നീതിയേവമില്ലാത്തോരാവാക്ക്....

കണ്ണുനീരടർന്നിറ്റിറ്റുവീഴുമാ,
കണ്ണുകൾപൂട്ടിനിന്നൊരുമാത്ര.
മെല്ലെ വിറയാർന്ന ചുണ്ടിനാൽ ചൊല്ലി,
നീതിയെൻ പെരുവിരൽത്തുമ്പിൽ മരിച്ചുവോ!

കാട്ടാളനെങ്കിലും കണ്ടുപഠിച്ചുഞാ-
നങ്ങിവർക്കെന്നും പകർന്നൊരാവിദ്യകൾ.
ഇന്നുഞാനിവരിലും ശ്രേഷ്ട്നാണെന്നങ്ങു-
തെറ്റിധരിച്ചു ചോദിച്ചെന്‍റെ പെരുവിരൽ.

ഫൽഗുനാ ...പാരിടം വെല്ലും ധനുർധാരി,
കാതങ്ങൾ താണ്ടിയെത്തട്ടെ നിൻ ഞാണൊലി...
നിൻ തിരുപാദത്തിൽ ബലിനൽകിടുന്നിതാ....
നിണമിറ്റുവീഴും വിരലും കിനാക്കളും.

വില്ലും ശരങ്ങളും ദ്രോണർതൻ പാദത്തിൽ,
വെച്ചു തൊഴുതവനൊമ്പതു വിരലിനാൽ,
നിണബിന്ദുവിറ്റിറ്റു വീണുപടരുമാ,
കരിയിലതന്നിൽ പതിച്ചുരണ്ടിറ്റുനീർ.....

6 comments:

സൗഗന്ധികം said...

വർണ്ണവിവേചനത്തിന്റെ കറുത്ത മുഖങ്ങൾക്ക് ഇതിഹാസങ്ങളോളം പഴക്കമുണ്ട്.!!! എന്നാൽ ഗുരുഭക്തിയുടെ പ്രോജ്ജ്വലനിമിഷങ്ങളേകുന്ന സ്വർണ്ണപ്രഭയിൽ
ഗുരു പോലും നിഷ്പ്രഭനാവുന്ന ആ അസുലഭസന്ദർഭം വളരെ ചാരുതയോടെ മനോജ് വരികളിലിണക്കിയിരിക്കുന്നു. വളരെയിഷ്ടമായി.



ശുഭാശംസകൾ.....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല കവിത

കുട്ടനാടന്‍ കാറ്റ് said...

മരിച്ചുവോ! നീതി

ഫൈസല്‍ ബാബു said...

നല്ല കവിത

വേണുഗോപാല്‍ said...

കവിത ഇഷ്ടമായി ... ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

കാട്ടാളനെങ്കിലും കണ്ടുപഠിച്ചുഞാ- നങ്ങിവർക്കെന്നും പകർന്നൊരാവിദ്യകൾ. ഇന്നുഞാനിവരിലും ശ്രേഷ്ട്നാണെന്നങ്ങു- തെറ്റിധരിച്ചു ചോദിച്ചെന്‍റെ പെരുവിരൽ. ഫൽഗുനാ ...പാരിടം വെല്ലും ധനുർധാരി, കാതങ്ങൾ താണ്ടിയെത്തട്ടെ നിൻ ഞാണൊലി... നിൻ തിരുപാദത്തിൽ ബലിനൽകിടുന്നിതാ.... നിണമിറ്റുവീഴും വിരലും കിനാക്കളും.