Pages

Tuesday, April 28, 2015

കൃഷ്ണാമൃതം(ലളിതഗാനം)

കണ്ണനെ കാമുകീ ഭാവത്തോടെ ആരാധിക്കുന്ന ഒരു പെൺകുട്ടിയുടെ മനോവിചാരങ്ങൾ,
ഇത് ഒന്ന് പാടികേൾക്കാൻ ആഗ്രഹിക്കുന്നു പ്രിയ സഹോദരിമാർ ആരെങ്കിലും അവരുടെ സ്വന്തം ഈ ണത്തിൽ ഇത് ഒന്ന് പാടിത്തരുമോ...

പവനപുരേശന്റെ തിരുമുമ്പിൽ ഞാനൊരു-
ദ്വാപരയുഗത്തിലെ രാധയായി.
ഒരുകുളിർക്കാറ്റായെൻ പൂമേനി തഴുകുമ്പോൾ-
ഞാനൊരു കൃഷ്ണതുളസിയായി.
എന്റെ താരുടൽ കോരിത്തരിച്ചു പോയി.

കാച്ചെണ്ണ തേച്ചെന്റെ കാർകൂന്തൽ മെടയുമ്പോൾ-
കാർമുകിൽ വർണ്ണനെ ഓർത്തു പോയി.
മഞ്ഞൾക്കുഴമ്പാലേ പൂമേനി തഴുകുമ്പോൾ-
കാതോരം ചുംബന കുളിർ വിരിഞ്ഞു.
എന്റെ താരുണ്യ താമര മൊട്ടുണർന്നു.


കുളികഴിഞ്ഞീറനുടുത്തു വന്നു എന്റെ -
അമ്പാടിക്കണ്ണനു തിരിതെളിച്ചു.
അർദ്ധനിമീലിത മിഴികളിൽ ഞാനൊരു-
കാതര മധുവാണി മീരയായി-
ഞാനറിയാതെ ഹരിനാമം ചുണ്ടിലൂറി.

കാളിന്ദീ നദിയുടെ കുളിരിലെനിക്കെന്റെ -
കണ്ണനുമൊത്തൊന്നു നീരാടണം.
ഒരുവനമാലിയായ് കണ്ണന്റെ തിരുമാറിൽ-
തളർന്നുറങ്ങീടണം പുലരും വരെ.
എന്റെ ജന്മസാഫല്യമെൻ കണ്ണനല്ലോ

11 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഗാനം നല്ല വരികളില്‍
പക്ഷെ, തരുണീ മണീയുടെ മധുര ശബ്ദത്തിൽ .. തുടങ്ങിയവ നന്നായി തോന്നിയില്ല.!

ajith said...

മനോഹരഗാനം

AnuRaj.Ks said...

മോഹങ്ങള്‍ പൂവണിയട്ടെ.....

മനോജ് ഹരിഗീതപുരം said...

നന്ദി മുഹമ്മദിക്കാ,അജിത്തേട്ടാ,അരുൺരാജ് ഭായ്

കൊച്ചു ഗോവിന്ദൻ said...

ഒരു പെണ്‍കുട്ടി എഴുതിയ പോലെ തന്മയത്വമുള്ള വരികൾ. ഈ ലളിതഗാനം തീർച്ചയായും ആലാപനം അർഹിക്കുന്നുണ്ട്. ആശംസകൾ.

ആൾരൂപൻ said...

ഗുരുവായൂരമ്പലം നിത്യവും ദർശിക്കാം
പവനപുരേശനെ തൊഴുതു നിൽക്കാം.
കായാമ്പൂവർണ്ണന്റെ കവിതകൾ വിരചിക്കാം
ബൂലോഗലോകത്തിൽ പോസ്റ്റ് ചെയ്യാം.
എങ്കിലും മനുവിന്റെ ഹരിഗീതം പാടുവാൻ
ഗോപികേ വരികെന്നു ചൊല്ലിടാമോ?

ജ്യുവൽ said...

താളമൊപ്പിച്ച് എഴുതുന്നത്‌ ഒരു കഴിവു തന്നെയാണ്.പ്രേമം തുളുമ്പുന്ന സുന്ദരമായ വരികൾ.
ആശംസകൾ

കല്ലോലിനി said...

കാച്ചെണ്ണ തേച്ചെന്റെ കാർകൂന്തൽ മെടയുമ്പോൾ-
കാർമുകിൽ വർണ്ണനെ ഓർത്തു പോയി.

ഈ വരികൾ കൂടുതൽ ഇഷ്ടമായീ...

മനോജ് ഹരിഗീതപുരം said...

നന്ദി കല്ലോലിനി

Muralee Mukundan , ബിലാത്തിപട്ടണം said...

കണ്ണനോടുള്ള ഭക്തിയേക്കാൾ
കൂടുതൽ പ്രണയം തുളുമ്പുന്ന വരികൾ...

വിനോദ് കുട്ടത്ത് said...

മനോജ് ഭായ് ..... അസ്സലായി
പ്രണയം ചാലിച്ചെഴുതിയ മനോഹര രചന
ആശംസകൾ