Pages

Wednesday, November 14, 2012

പ്രവാസപക്ഷിയുടെഹൃദയം

വണ്ടിവന്നുനിന്നതറിഞ്ഞീല മുറ്റത്ത്;തൻ-
പ്രാണപ്രിയതൻ ചുമലിൽചായവേ
അടരുന്ന ചുടുകണം മെല്ലെയവൾതൻ,
ഭുജത്തിൻ നീളേ നനവ് പടർത്തവേ,
അരുത് കരയരുതന്ന്യോന്യ മോതുമ്പോ-
ളണപോട്ടിയോഴുകുന്ന നാലുനയനങ്ങൾ.
അമ്മവിളമ്പിതന്നോരു ഭക്ഷണം ചെറ്റു-
മുമ്പേ ഭുജിച്ച് കൈതോർത്തി.
ഉരുളകൾ പങ്കിട്ട് നൽകി തൻ പ്രിയക്ക;തോർ-
ത്തപോളുള്ളിൽ തിളക്കുന്ന ഗദ്ദ്ഗദം.
ഏറെനാളായ് കാത്തിരുന്നോരു കുഞ്ഞു,
ജീവന്റെ സ്പന്ദനംകേൾക്കുവാൻ,
നിന്നണിവയർമെത്തയിൽ ചെവിയോർത്തി-
ട്ടെത്രരാവതിൽ കളിവാക്കുചൊല്ലി ഞാൻ.
എത്രവേഗം പറന്നകന്നീടുമീ-
യെണ്ണിച്ചുട്ടയറുപതുനാളുകൾ.
വാതിലിൻ ചാരേയണഞ്ഞിട്ടുമെല്ലെ,
പോകുവാൻ നേരമ്പാർത്തെന്നു ചൊല്ലിയോ-
രച്ചന്റെ വാക്കുകൾകാതിൽ പതിയവേ-
യിറുകെ പുണർന്നവൾ തേങ്ങലുച്ചത്തിലായ്.
കപ്പയും ചക്കയുമുപ്പേരി വിവിധങ്ങ-
ളച്ചാറും പിന്നവരോതിയതൊക്കയും
സഹമുറിയർക്കായേറ്റവും മുന്നമേ,
കടലാസുപെട്ടിയിൽ കെട്ടിവരിഞ്ഞു ഞാൻ.
യാത്ര ചൊല്ലിഞാൻ കദനഭാരത്തി-
ലന്നുവീട്ടിലണഞ്ഞവർക്കൊക്കയും,
അബ്ദമൊന്നുപറന്നകന്നീടുമ്പോ-
ളെത്തിടും ഞാനാമോദചിത്തനായ്.
മെല്ലെ നീങ്ങുന്ന ജാലകച്ചില്ലിന്റെപിന്നിൽ,
മൂകം മിഴിനീർ തുടയ്ക്കവേ.
മഞ്ഞുവീണപ്രഭാതം കണക്കെയൊ-
രവ്യക്തചിത്രമായവരകന്നു പോയ്.

3 comments:

മനോജ് ഹരിഗീതപുരം said...

എന്റെ എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു

Unknown said...

Pravasam sarikkum vedana thnneyanu oru prvavasiyude thuranna manassani ee kavitha

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മരുഭൂമിയിലേക്ക് തിരിച്ചുപോകുന്നവന്റെ ഹൃദയവ്യഥകളുടെ ആവിഷ്കാരം മനോഹരമായി.യാത്രപുറപ്പെടലിന്റെ ഹൃദയസ്പര്‍ശിയായഈ രംഗങ്ങള്‍ എല്ലായിടത്തും ഒരുപോലെത്തന്നെ.ആശംസകള്‍