Pages

Monday, June 22, 2015

പറന്നു പോയകാലം

പൊയ്പോയ കാലമേ നീയെനിക്കൊരു മാത്രയാ-
നല്ല കാലം കടം തരുമോ.
തൊടിയിലും പുഴയിലും  കതിരറ്റ വയലിലും,
തുടികൊട്ടി നിന്നൊരാ ബാല്യകാലം .

വൈക്കോൽ മണമുള്ള്ക്ക് മുറ്റവും നന്മതൻ-
പൈമ്പാൽ ചുരത്തും പ്രഭാതങ്ങളും.
നിറകതിർ തലചായ്ചുറങ്ങും വഴികളും.
കൈതോല കണ്ണാടി നോക്കും പുഴകളും.

തേന്മധുരമടരുന്ന മുത്തശ്ശി മാഞ്ചോടും,
തുള്ളിക്കളിക്കുന്നൊരണ്ണാർകണ്ണനും,
ഉപ്പിൻ കണികകൾ വീണുകിളിർത്തൊരാ-
ചേനയും ചേമ്പും മരച്ചീനിയും.

അതിഥിക്കൊരല്പം മധുരത്തിനായ പണ്ട-
യലത്തെവീട്ടിലേക്കോടിടും നാരികൾ.
നന്മതൻ വേലികൾ മണ്മറഞ്ഞപ്പഴോ,
സ്വാർത്ഥ മോഹത്തിൻ മതിൽകെട്ടി മാനസം.

ഉമ്മറകോലായിലന്തിമയങ്ങിടുംനേരത്തു-
നാമം ജപിക്കുന്ന മുത്തശ്ശി.
അമ്മതൻ വാത്സല്യ ചൂടേറ്റുറങ്ങുവാൻ,
കുളിരുമായെത്തും തുലാവർഷരാത്രിയും.

ആ കാണും വയലിന്റെയങ്ങേ ക്കരയിലായ്,
നില്പതാം അറിവിന്റെ കേദാരമേ.
മണിമുഴങ്ങീടുമ്പോൾ മഴനനഞ്ഞിട്ടുഞാൻ,
മണ്ടിടും നേർത്തവയലിലൂടെ

പുത്തനുടുപ്പിൻ മണമുള്ളോരോണമേ,
കൊന്നകൾ പൂക്കണീ വെക്കുന്ന മേടമേ.
വരുംകാലമത്രയും വർണ്ണം നിറയ്ക്കുവാൻ-
ഓർമ്മതൻ ചായവും ചുവരും മതി

28 comments:

ആൾരൂപൻ said...

മനോജ്, കവിത നന്നായിട്ടുണ്ട്.
പോയതെല്ലാം പോയി. തിരിച്ചു വരവുകൾ മനസ്സിൽ മാത്രം.

കൈതോല കണ്ണാടി നോക്കും പുഴകൾ - നല്ല കാവ്യകല്പന!
ഉപ്പിൻ കണികകൾ വീണുകിളിർത്തൊരാ ചേന - ഈ പ്രയോഗം മനസ്സിലായില്ല.
നന്മതൻ വേലികൾ - നന്മയുടെ വേലിയോ? അതു ശരിയായോ?

അങ്ങിങ്ങ് അല്പമൊന്നു ശരിയാവാനുണ്ടായിരുന്നു.

മനോജ്.എം.ഹരിഗീതപുരം said...

ഉപ്പിൻ കണികകൾ എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌ വിയർപ്പ്‌ കണികകൾ ആണു പണ്ട്‌ അദ്ധ്വാനിക്കുന്നവരായിരുന്നല്ലോ അവർ അവരുടെ വിയർപ്പ്‌ കണം വീണു തളിർത്ത ചേനയും ചേമ്പും

നന്മതൻ വേലി
പണ്ട്‌ വീടിന്റെ അതിരു വേലികളായിരുന്നല്ലോ. ആ വേലിക്കിടയിലൂടെ പരസ്പരം കൊടുക്കൽ വാങ്ങലുകളും ആശയവിനിമയവും നടന്നിരുന്നു ഇന്ന് മതിലുകൾവന്നപ്പോൾ മനുഷ്യൻ സ്വാർത്ഥരായി
ആൾരൂപൻ ചേട്ടാ

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

നാവില്‍ കൊതിയൂറുന്നപോലെ നല്ല കാലത്തിന്റെ വര്‍ണ്ണനകള്‍

മനോജ്.എം.ഹരിഗീതപുരം said...

നന്ദി മുഹമ്മദിക്കാ

ajith said...

കാലം മാറിവരും
ജീവിതവും!!

മനോജ്.എം.ഹരിഗീതപുരം said...

നന്ദി അജിത്തേട്ടാ

സുധി അറയ്ക്കൽ said...

ആൾരൂപൻ ബ്ലോഗിൽ നിന്നും ഇവിടെ വന്നു.

ആസ്വദിച്ചു വായിച്ചു.ഗതകാലസ്മരണകൾ നന്നായി.ഒന്നും എടുത്ത്‌ പറയുന്നില്ല.

ഭാവുകങ്ങൾ!!!!!

മനോജ്.എം.ഹരിഗീതപുരം said...

നന്ദി സുധീ

ജ്യുവൽ said...

ഇതെല്ലാം ഇനി തിരിച്ചു വരുമോ? മനോഹരമായി എഴുതി..

കൊച്ചു ഗോവിന്ദൻ said...

ടയറുരുട്ടി നടന്ന വഴിയിലെ
പേരറിയാത്ത വേലിപ്പഴങ്ങളും
ഊയലാടിയ നാട്ടുമാങ്കൊമ്പും
ഏറുപന്തിന്റെ നോവുന്ന വീറും
നീന്തിത്തുടിച്ച പെരുമഴക്കാലവും
പൊങ്ങുചങ്ങാടവും കുട്ടിയും കോലും
കള്ളനും പോലീസുമെൻ കളിത്തോഴരും
കണ്ണുപൊത്തിക്കളിക്കുന്നു ചുറ്റും...

മനോജ്.എം.ഹരിഗീതപുരം said...

നന്ദി ഡോ.ജ്യുവൽ

മനോജ്.എം.ഹരിഗീതപുരം said...

നന്ദി കൊച്ചുഗോവിന്ദൻ

Bipin said...

ഗത കാല സ്മരണകൾ പറയുന്ന കവിത. അങ്ങുമിങ്ങും കവിതയുടെ ഒഴുക്കിനു യോജിക്കാത്തവയും ചിലയിടങ്ങളിൽ ആശയം അത്ര വരാത്തവയും ആയ പ്രയോഗങ്ങൾ. "മാത്രയാ" എന്നതിന് പകരം "മാത്ര ആ" എന്നതായിരുന്നു ഭംഗി. മണമുള്ള.. അക്ഷര തെറ്റ് തിരുത്തണം. മുത്തശ്ശി മാഞ്ചോട് ..മാവ് അല്ലെങ്കിൽ മാവിൻ ചോട് ആയിരുന്നു ഭംഗി. ഉപ്പു കണികകൾ ആർക്കും മനസ്സിലാകില്ല. അയൽവക്കത്തേക്ക് ഓടുന്നതും പെട്ടെന്ന് മനസ്സിലാകില്ല. അങ്ങിനെ ചില കൊച്ചു കൊച്ചു പ്രശ്നങ്ങൾ.

ഈണവും താളവും ഒക്കെയുള്ള കവിത. നന്നായി.

മനോജ്.എം.ഹരിഗീതപുരം said...

ഉപ്പ്‌ കണികകളെ കുറിച്ച്‌ മുകളിലത്തെ കമന്റിൽ വിശദമാക്കിയിട്ടുണ്ട്‌

അയലത്തെ വീട്ടിലേക്കോടുന്ന നാരികൾ

പണ്ട്‌ പ്രതീക്ഷിക്കതെ അതിഥികൾ വന്നാൽ ഒരു നുള്ള്‌ പഞ്ചസാരക്കോ കുറച്ച്‌ തേയിലക്കോ വീട്ടമ്മമാർ അയലത്തേക്ക്‌ ഓടിയിരുന്നു അത്‌ ഒന്ന് കാവ്യവത്കരിച്ചു
തെറ്റുകൾ ചൂണ്ടികാട്ടിയതിനു നന്ദി ബിപിൻ ചേട്ടാ

Shaheem Ayikar said...
This comment has been removed by the author.
Shaheem Ayikar said...

നല്ല കവിത... കമന്റുകൾ ഒക്കെ വായിച്ചപ്പോൾ ആദ്യം മനസ്സിലാകാത്ത ഭാഗങ്ങളും പിടി കിട്ടി.. എന്റെ ആശംസകൾ.

മനോജ്.എം.ഹരിഗീതപുരം said...

വളരെ നന്ദി ഷാഹിം

സ്വപ്നസഖി said...

ഇതുവഴി ആദ്യമായാണ്.


പുത്തനുടുപ്പിൻ മണമുള്ളോരോണമേ,
കൊന്നകൾ പൂക്കണി വെക്കുന്ന മേടമേ
വരുംകാലമത്രയും വർണ്ണം നിറയ്ക്കുവാൻ-
ഓർമ്മതൻ ചായവും ചുവരും മതി

ഏറെ ഇഷ്ടപ്പെട്ട വരികള്‍ . കഴിഞ്ഞു പോയ കാലത്തേക്കൊരു തിരിച്ചുപോക്ക് നടത്താന്‍ സാധിച്ചു. ആശംസകള്‍

മനോജ്.എം.ഹരിഗീതപുരം said...

ഒരുപാട്‌ നന്ദി..സ്വ്പന സഖീ

സലീം കുലുക്കല്ലുര്‍ said...

വ്യര്‍ത്ഥമാണ് ,,,എങ്കിലും പ്രാര്‍ത്ഥിക്കാം , നഷ്ട്ടപ്പെട്ടതൊക്കെ തിരിച്ചു കിട്ടാന്‍...നന്നായി മനൂ...

രാജാവ് said...

nice!!

മനോജ്.എം.ഹരിഗീതപുരം said...

നന്ദി സലിം ചേട്ടാ

മനോജ്.എം.ഹരിഗീതപുരം said...

നന്ദി രാജാവേ

Muralee Mukundan , ബിലാത്തിപട്ടണം said...

ഉമ്മറകോലായിലന്തിമയങ്ങിടുംനേരത്തു-
നാമം ജപിക്കുന്ന മുത്തശ്ശി. അമ്മതൻ വാത്സല്യ
ചൂടേറ്റുറങ്ങുവാൻ, കുളിരുമായെത്തും തുലാവർഷരാത്രിയും.

മനോജ്.എം.ഹരിഗീതപുരം said...

നന്ദി മുരളി മുകുന്ദൻ ചേട്ടാ

മനോജ്.എം.ഹരിഗീതപുരം said...

നന്ദി മുരളി മുകുന്ദൻ ചേട്ടാ

മനോജ് ഹരിഗീതപുരം said...
This comment has been removed by the author.
വിനോദ് കുട്ടത്ത് said...

നന്മ പൂക്കുന്ന നാട്ടിന്‍പുറ ജീവിതത്തിന്‍റെ വെണ്‍മ വാക്കുകളാല്‍ വരച്ചു ..... ലളിതസുന്ദരമായ വരികള്‍...... ഹരിഭായ്.... ആശംസകൾ